Sub Lead

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്‌മാന്‍ മൗലവി അന്തരിച്ചു

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്‌മാന്‍ മൗലവി അന്തരിച്ചു
X

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ മൊഗ്രാല്‍ കടവത്ത് ദാറുസ്സലാമില്‍ യു എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (86) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു യു എം അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ അന്ത്യം. ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.

അബ്ദുല്‍ഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബര്‍ രണ്ടിനായിരുന്നു അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 - 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്.

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം, എസ്‌വൈഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, എസ്എംഎഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍, 1974 മുതല്‍ സമസ്ത കാസര്‍കോട് താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യമാര്‍: സകിയ്യ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്ലുറഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ് (എല്ലാവരും ഗള്‍ഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈല്‍), പരേതരായ മുഹമ്മദ് മുജീബ് റഹ്‌മാന്‍, ആയിശത്തുഷാഹിദ (ചേരൂര്‍). മരുമക്കള്‍: യു.കെ മൊയ്തീന്‍ കുട്ടി മൗലവി (മൊഗ്രാല്‍), സി.എ അബ്ദുല്‍ഖാദര്‍ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂര്‍), ഖജീദ (ആലംപാടി), മിസ്രിയ (കൊടിയമ്മ), സഫീന (തളങ്കര), മിസ്രിയ (പേരാല്‍ കണ്ണൂര്‍), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാല്‍).

Next Story

RELATED STORIES

Share it