Sub Lead

സമസ്ത നേതാവ് കാളാവ് സെയ്തലവി മുസ് ല്യാര്‍ അന്തരിച്ചു

ഖബറടക്കവും ജനാസ നമസ്‌കാരവും തിങ്കളാഴ്ച രാമപുരം പിലാപറമ്പ് കണ്ടംപറമ്പ ബദരിയ്യ മസ്ജിദ് അങ്കണത്തില്‍ നടക്കും

സമസ്ത നേതാവ് കാളാവ് സെയ്തലവി മുസ് ല്യാര്‍ അന്തരിച്ചു
X

മക്കരപറമ്പ്(മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ മുശാവറ അംഗവും അബൂദബി കേന്ദ്രീകരിച്ചുള്ള സുന്നി സെന്റര്‍ ജംഇയ്യത്തുല്‍ ഉലമ ഇസ് ലാമിക് സെന്റര്‍ സ്ഥാപകനുമായ കാളാവ് സെയ്തലവി മുസ് ല്യാര്‍(73) അന്തരിച്ചു. ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രി 7.45ഓടെയാണ് മരണപ്പെട്ടത്. മഞ്ചേരി നെല്ലിക്കുത്ത് പരേതരായ പാലക്കതൊണ്ടി അഹമ്മദ്-അങ്ങാടിപ്പുറം പുത്തനങ്ങാടി പുല്ലൂര്‍ ശക്കാട്ടില്‍ ആയിശ ദമ്പതികളുടെ മൂത്ത മകനായി 1947ലാണ് ജനനം. തമിഴ്‌നാട് നീലഗിരി, മാളിയേക്കല്‍, കരുളായി, മോങ്ങം, കാനര്‍, തിരൂര്‍, തലക്കടത്തൂര്‍, പുന്നിയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നെല്ലിക്കുത്ത് ബാപ്പുട്ടി മുസ് ല്യാരുടെ ശിഷ്യനായി ദര്‍സ് പഠനവും ദീനീ സേവനവും നടത്തി. 1965 മുതല്‍ കര്‍ണാടക കൊടക്, ഉദുക്കേരി, തൃശൂര്‍ വടക്കേപൂന്നിയൂര്‍ എന്നിവിടങ്ങളില്‍ മദ്‌റസ പ്രധാന അധ്യാപകന്‍, മസ്ജിദ് ഇമാം, മഹല്ല് ഖത്തീബ് നിലകളില്‍ സേവനമനുഷ്ഠിച്ചു. രാമപുരം നാറാണത്ത് മേലേച്ചോലയിലാണ് താമസിച്ചിരുന്നത്. പിന്നീട് മക്കരപറമ്പ് കാളാവിലേക്ക് താമസം മാറ്റി.

പതിറ്റാണ്ടുകളായി അബൂദബിയിലെത്തുന്ന മലയാളികള്‍ക്ക് ഏറെ സഹായം ചെയ്തിരുന്നയാളാണ് കാളാവ് സെയ്തലവി മുസ് ല്യാര്‍. 1976ല്‍ ദേരാ ദുബയ് മസ്ജിദ് ചീഫ് ഇമാം, 1978 മുതല്‍ അബൂദബി സൈനിക മന്ത്രാലയം മസ്ജിദ് ചീഫ് ഇമാം, 1992 മുതല്‍ 2008 വരെ അബൂദബി ഔഖാഫ് മസ്ജിദ് ഇമാം എന്നിങ്ങനെ പ്രവര്‍ത്തിച്ചു. 32 വര്‍ഷത്തെ പ്രവാസ ജീവിതം 2008ല്‍ അവസാനിപ്പിച്ചു. 1976ല്‍ അബൂദബി കേന്ദ്രീകരിച്ച് സുന്നി സെന്റര്‍, ജംഇയ്യത്തുല്‍ ഉലമ ഇസ് ലാമിക് സെന്റര്‍ സ്ഥാപക പ്രസിഡന്റ്, ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രസിഡന്റ്, കെഎംസിസി ചെയര്‍മാന്‍, വളാഞ്ചേരി മര്‍കസു തര്‍ബിയ്യത്തുല്‍ ഇസ് ലാമിയ്യ സ്ഥാപക കമ്മിറ്റി ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, വയനാട് മൂട്ടില്‍ യത്തീംഖാന പ്രസിഡന്റ്, താനൂര്‍ ഇസ് ലാഹുല്‍ ഉലൂം കോളജ് പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഹുദാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, കോട്ടക്കല്‍ പൂക്കിപ്പറമ്പ് സി എച്ച് ഹൈദ്രോസ് മുസ് ല്യാര്‍ സ്മാരക കോളജ് ചെയര്‍മാന്‍, പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ ഉലമ മുശാവറ മെംബര്‍, സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റി അംഗം, എസ് വൈഎസ്, പ്രവാസി സംഘം പ്രസിഡന്റ്, ചെയര്‍മാന്‍, വളാഞ്ചേരി തര്‍ബിയ്യത്തുല്‍ ഇസ് ലാമിയ്യ ചെയര്‍മാന്‍, രാമപുരം അന്‍വാറുല്‍ ഹുദാ ഇസ് ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅഃ നൂരിയ്യ, കോഴിക്കോട് യമാനിയ്യ കോളജ്, മനേജ്‌മെന്റ് മെംബര്‍, യുഎഇ സുന്നി കൗണ്‍സില്‍ കണ്‍വീനര്‍, കേരളാ പ്രവാസി ഫോറം അബൂദബി പ്രസിഡന്റ്, വടക്കാങ്ങര പിഎംഐസി ബോര്‍ഡ് ചെയര്‍മാന്‍, മേലേ കാളാവ് അന്‍വാറുല്‍ ഇസ് ലാം സംഘം ഉപദേശക സമിതി ചെയര്‍മാന്‍, സമസ്ത മദ്‌റസ മാനേജ്‌മെന്റ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, വടക്കാങ്ങര റെയ്ഞ്ച് പ്രസിഡന്റ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, കാളാവ് ബദരിയ്യ സ്‌കൂള്‍ പ്രസിഡന്റ്, കാളാവ് മഹല്ല് ഉപദേശക സമിതി അംഗം, എസ് എംഎഫ് മലപ്പുറം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്, രാമപുരം കണ്ടംപറമ്പ് ബദരിയ്യ മസ്ജിദ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വിവിധ വിദേശരാജ്യങ്ങളിലെ ജീവകാരുണ്യ-സാമൂഹിക കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മസ്തയ്ക്കു കീഴിലുള്ള നിരവധി അനാഥ, അഗതിമന്ദിരങ്ങളുടെ സംരക്ഷണ ചുമതല വഹിച്ചിരുന്നു. ഖബറടക്കവും ജനാസ നമസ്‌കാരവും തിങ്കളാഴ്ച രാമപുരം പിലാപറമ്പ് കണ്ടംപറമ്പ ബദരിയ്യ മസ്ജിദ് അങ്കണത്തില്‍ നടക്കും.

ഭാര്യ: കുറുവച്ചാല്‍ വളപ്പില്‍റുഖിയ ഹജ്ജുമ്മ(തൃശ്ശൂര്‍ പുനയൂര്‍). മക്കള്‍: ലുഖ്മാന്‍ റഹ്‌മാനി(അബുദബി), മുനീര്‍ നിസാമി(ഖത്തര്‍), സല്‍മാന്‍ നിസാമി, അല്‍ ഹാഫിസ്‌നു അമന്‍ ദാരിമി, ആയിശ, മാജിദ. മരുമക്കള്‍: ആയംപറമ്പില്‍ അബ്ദുല്ല ഫൈസി വെള്ളില(അബൂദബി), പുതുവീട്ടില്‍ മുസ്തഫ ദാരിമി മണ്ണാര്‍ക്കാട് കിളിരാനി(കുവൈത്ത്), ആലുങ്ങല്‍ സനിയ്യ(കൊളപ്പറമ്പ്), ഹബീബ(വള്ളിക്കാപറ്റ), റാഫിയ(പാതിരമണ്ണ). സഹോദരങ്ങള്‍: കാളാവ് മുഹമ്മദ് മുസ് ല്യാര്‍ എന്ന ശൈഖ് മുഹമ്മദ് അഹ്‌മദ് ദുബയ്(ദുബയ് ഡീലക്‌സ് മസ്ജിദ് ചീഫ് ഇമാം, ഖത്തീബ്), ഖദീജ(വടക്കാങ്ങര), പരേതയായ ഫാത്തിമ കുഞ്ഞി(നാറാണത്ത്, രാമപുരം).

Samastha leader Kalav Saithalavi Muslyar has passed away

Next Story

RELATED STORIES

Share it