Sub Lead

പള്ളി മിനാരത്തില്‍ കാവിക്കൊടി കെട്ടി; നാട്ടുകാര്‍ അഴിച്ചുമാറ്റി

പള്ളി മിനാരത്തില്‍ കാവിക്കൊടി കെട്ടി; നാട്ടുകാര്‍ അഴിച്ചുമാറ്റി
X

മംഗളൂരു: മസ്ജിദ് മിനാരത്തിന്റെ ഏറ്റവും മുകളില്‍ അതിക്രമിച്ചുകയറി 'അജ്ഞാതര്‍' കാവിക്കൊടി കെട്ടി. ബംഗളൂരുവില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി ജില്ലയില്‍ മുഡലഗി താലൂക്കിലെ അറബാവി ഗ്രാമത്തിലെ സുട്ടിഗെരി ഗാര്‍ഡനിലെ പള്ളിയുടെ മിനാരത്തിലാണ് സംഭവം നടന്നത്. ഇന്നലെ പുലര്‍ച്ചെ പ്രാര്‍ഥനക്ക് എത്തിയ വിശ്വാസികളാണ് മിനാരത്തില്‍ കാവിക്കൊടി കെട്ടിയത് കണ്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് കാവിക്കൊടി അഴിച്ചിറക്കി. നേരം പുലര്‍ന്നതോടെ വിവിധ മതവിഭാഗങ്ങളിലെ ഗ്രാമീണര്‍ ആരാധനാലയ പരിസരത്ത് ഒത്തുകൂടി. തലേന്ന് രാത്രി ഏതോ കുബുദ്ധികള്‍ ഗൂഢോദ്ദേശത്തോടെ ചെയ്ത പ്രവൃത്തിയെ എല്ലാവരും ഏകസ്വരത്തില്‍ അപലപിച്ചു.

വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുടെ നിര്‍ദേശം അനുസരിച്ച് യുവാക്കള്‍ കയറി മിനാരത്തിലെ കാവിക്കൊടി അഴിച്ചിറക്കി. പോലിസില്‍ പരാതി നല്‍കിയതായി പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അജ്ഞാതരായ അക്രമികള്‍ക്കെതിരേ ആരാധനാലയം അശുദ്ധമാക്കിയതിന് ബുധനാഴ്ച പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്നും ബെലഗാവി റൂറല്‍ ഡിസ്ട്രിക്റ്റിലെ പോലിസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബര്‍ഗി പറഞ്ഞു. അതിര്‍ത്തി ജില്ലയിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും വര്‍ഗീയ സംഘര്‍ഷം അഴിച്ചുവിടാന്‍ സംഘപരിവാര്‍ ഏറെക്കാലമായി ശ്രമിച്ചുവരികയാണ്.

കര്‍ണാടകയില്‍ കുറച്ചുനാളുകളായി മസ്ജിദുകളിലെ ബാങ്ക് വിളിക്കെതിരേ ഹിന്ദുത്വസംഘടനകള്‍ പ്രചാരണം നടത്തിവരികയാണ്. ബാങ്ക് വിളി തടഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തുടനീളമുള്ള പള്ളികള്‍ക്ക് മുന്നില്‍ ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച് പ്രതിരോധിക്കുമെന്നാണ് ഹിന്ദുത്വരുടെ ഭീഷണി. മതസ്ഥലങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് പാലിക്കാത്തതിന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ കോടതിയെ സമീപിക്കുമെന്ന് വലതുപക്ഷ സംഘടനകള്‍ ഭീഷണിപ്പെടുത്തുകയാണ്.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അവ ഉപയോഗിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നവരെല്ലാം അടുത്ത 15 ദിവസത്തിനുള്ളില്‍ ആവശ്യമായ അനുമതികള്‍ നേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചത്.

ആരെങ്കിലും ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യും. ഇതില്‍ (നിയമത്തില്‍) നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളും തമ്മില്‍ വിവേചനമുണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ ശബ്ദമലിനീകരണമുണ്ടാക്കുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സംസ്ഥാനത്തുടനീളം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it