Sub Lead

ശബരിമല നട ഇന്ന് തുറക്കും; ദര്‍ശനത്തിനൊരുങ്ങി യുവതികള്‍, നിരോധനാജ്ഞ വേണമെന്ന് പോലിസ്

'നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക്' ഫേസ്ബുക്ക് കൂട്ടായ്മയാണ് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. യുവതികള്‍ മലകയറിയാല്‍ ഇനിയും പ്രതിഷേധങ്ങളുണ്ടാവുമെന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍.

ശബരിമല നട ഇന്ന് തുറക്കും; ദര്‍ശനത്തിനൊരുങ്ങി യുവതികള്‍, നിരോധനാജ്ഞ വേണമെന്ന് പോലിസ്
X

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കുമ്പോള്‍ മലകയറാനെത്തുമെന്ന മുന്നറിയിപ്പുമായി യുവതികള്‍. 'നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക്' ഫേസ്ബുക്ക് കൂട്ടായ്മയാണ് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. യുവതികള്‍ മലകയറിയാല്‍ ഇനിയും പ്രതിഷേധങ്ങളുണ്ടാവുമെന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍. ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കെതിരായി ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ച് ശബരിമല കര്‍മസമിതി ഉള്‍പ്പടെയുള്ള ഹൈന്ദവസംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിച്ചിരുന്നു. ഈ സാഹചര്യമൊക്കെ കണക്കിലെടുത്ത് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പോലിസിന്റെ ആവശ്യം. ഇതുസംബന്ധിച്ച റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവി കലക്ടര്‍ക്ക് കൈമാറി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസിന്റെ നിലപാട്. അതേസമയം, യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ നല്‍കുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ സാഹചര്യങ്ങള്‍ക്ക് മാറ്റംവന്നിട്ടില്ലെന്നാണ് പോലിസ് വിലയിരുത്തല്‍. ഇക്കാര്യം കണക്കിലെടുത്താണ് നടയടയ്ക്കുന്ന 17ന് രാത്രിവരെ നിരോധനാജ്ഞ വേണമെന്ന ആവശ്യം. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പൂര്‍ണാര്‍ഥത്തില്‍ നിരോധനാജ്ഞവേണമെന്നാണ് റിപോര്‍ട്ടില്‍ പോലിസ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് കലക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ഇന്ന് രാവിലെ 10ന് ശേഷം മാത്രമേ നിലയ്ക്കലില്‍നിന്ന് തീര്‍ഥാടകരെ പമ്പയിലേയ്ക്ക് കടത്തിവിടൂ. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുണ്ടാവും. കൂടാതെ ജില്ലയില്‍ വ്യാപകമായി പോലിസ് പരിശോധനയും ശക്തമാക്കും.




Next Story

RELATED STORIES

Share it