Sub Lead

സാപോറീഷ്യ ആണവനിലയം റഷ്യ സൈനിക താവളമായി ഉപയോഗിക്കുന്നു; ആരോപണവുമായി യുക്രെയ്ന്‍

സാപോറീഷ്യ ആണവനിലയം റഷ്യ സൈനിക താവളമായി ഉപയോഗിക്കുന്നു; ആരോപണവുമായി യുക്രെയ്ന്‍
X

കീവ്: യുക്രെയ്‌നിലെ സാപോറീഷ്യ ആണവനിലയം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി യുക്രെയ്‌നും റഷ്യയും. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ സാപോറീഷ്യ ആണവനിലയം റഷ്യന്‍ നിയന്ത്രണത്തിലാണ്. ആണവനിലയത്തിന് നേരേ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷമായ ഷെല്ലാക്രമണമുണ്ടായി. ആക്രമണച്ചൊല്ലി റഷ്യയും യുക്രെയ്‌നും പരസ്പരം പഴിചാരി രംഗത്തുവരികയും ചെയ്തു. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും ആക്രമണം നടത്തിയത് യുക്രെയ്‌നാണെന്ന് റഷ്യയും ആരോപിക്കുന്നു.

തങ്ങള്‍ക്കെതിരേ ആക്രമണം നടത്താനുള്ള സൈനിക താവളമാക്കി റഷ്യ ആണവനിലയത്തെ മാറ്റിയെന്നാണ് യുക്രെയ്‌ന്റെ ആരോപണം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. സാപോറീഷ്യ ആണവ നിലയം വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് യുക്രെയ്‌നിലെ ആണവ വൈദ്യുതി കമ്പനി മേധാവി പെട്രോ കോട്ടിന്‍ ബിബിസിയോട് പറഞ്ഞു. എന്നാല്‍, നിലവില്‍ നിലയം സുരക്ഷിതമാണ്. 500 റഷ്യന്‍ സൈനികരാണ് പ്ലാന്റിലുള്ളത്. അവര്‍ പ്രദേശത്ത് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റഷ്യന്‍ സേന യുക്രേനിയന്‍ സേനയ്‌ക്കെതിരായ ഒരു കവചം പോലെ ആണവനിലയത്തെ ഉപയോഗിക്കുന്നു.

കാരണം യുക്രെയ്‌നില്‍ നിന്ന് ആരും നിലയത്തിനെതിരേ എന്തെങ്കിലും ചെയ്യാന്‍ പോവുന്നില്ല. അവിടെയുള്ളത് യുക്രേനിയന്‍ ഉദ്യോഗസ്ഥരാണെന്നും ഇതൊരു യുക്രേനിയന്‍ പ്ലാന്റാണെന്നും യുക്രേനിയന്‍ സായുധ സേനയ്ക്ക് അറിയാം. അതിനാല്‍, തങ്ങളുടെ ജീവനക്കാരെ കൊല്ലാനും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനും അവര്‍ തയ്യാറാവില്ല. ആണവനിലയത്തിലുള്ള യുക്രേനിയന്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും റഷ്യന്‍ സേന പീഡിപ്പിക്കുകയാണ്. യുക്രെയ്‌നിന്റെ ഗ്രിഡില്‍ നിന്ന് പ്ലാന്റ് വിച്ഛേദിച്ച് ഒടുവില്‍ റഷ്യയുടെ സംവിധാനവുമായി ബന്ധിപ്പിക്കാനാണ് റഷ്യയുടെ പദ്ധതി- കോട്ടിന്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണമുണ്ടായി. ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകള്‍ പതിച്ചതെന്ന് യുക്രെയ്‌ന്റെ ആണവ കമ്പനിയായ എനര്‍ഗോ ആറ്റം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ റഷ്യന്‍ സേന സാപോറീഷ്യ പിടിച്ചെങ്കിലും യുക്രെയ്ന്‍ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

റഷ്യന്‍ ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂന്ന് റേഡിയേഷന്‍ സെന്‍സറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ പറയുന്നു. ആക്രമണത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അപകട സാധ്യത കുറവാണെങ്കിലും മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ സപോറീഷ്യ എത്രത്തോളം ചെറുത്തുനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ആകെയുള്ള ആറ് റിയാക്ടറുകളില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ സാപോറീഷ്യയില്‍ പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it