Sub Lead

മരിയോപോളില്‍ 400 അഭയാര്‍ഥികള്‍ രക്ഷതേടിയ സ്‌കൂളിന് ബോംബിട്ട് റഷ്യ

മരിയോപോളില്‍ 400 അഭയാര്‍ഥികള്‍ രക്ഷതേടിയ സ്‌കൂളിന് ബോംബിട്ട് റഷ്യ
X

കീവ്: മരിയോപോളിനെ കീഴടക്കാന്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ച് റഷ്യ. കഴിഞ്ഞ ദിവസം ഹൈപ്പര്‍ സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ റഷ്യന്‍ സൈന്യം ഒടുവിലായി 400 പേര്‍ രക്ഷയ്ക്കായി അഭയം പ്രാപിച്ചിരുന്ന ആര്‍ട്‌സ് സ്‌കൂളിന് നേരേ ബോംബെറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം അഭയം തേടിയിരുന്ന സ്‌കൂളാണ് ആക്രമിച്ചതെന്നു യുക്രെയ്ന്‍ സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, റഷ്യന്‍ ക്രൂരതയെ അപലപിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളുമായി ചേരാന്‍ യുക്രെയ്ന്‍ ചൈനയോട് ആഹ്വാനം ചെയ്തു. ദിവസങ്ങളായി നടക്കുന്ന റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കിഴക്കന്‍ യുക്രേനിയന്‍ തുറമുഖത്തെ തകര്‍ന്നു. നഗരത്തിലെ മൊത്തത്തിലുള്ള ആശയവിനിമയം തടസ്സപ്പെട്ടു.


നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്‌കൂള്‍ തകര്‍ക്കപ്പെട്ടതായി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. സാധാരണക്കാര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലാണ്- സിറ്റി കൗണ്‍സില്‍ പറഞ്ഞു. എല്ലാ പ്രതിരോധങ്ങളെയും മറികടക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് യുക്രേനിയന്‍ ആയുധ ഡിപ്പോ കഴിഞ്ഞ ദിവസം റഷ്യ തകര്‍ത്തിരുന്നു.

പടിഞ്ഞാറന്‍ ഗ്രാമമായ ഡെലിയാറ്റിനിലെ ആയുധ ഡിപ്പോയില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഏതുതരം മിസൈലാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്നും യുക്രേനിയന്‍ വ്യോമസേനാ വക്താവ് യൂറി ഇഗ്‌നാറ്റ് എഎഫ്പിയോട് പറഞ്ഞു. ആക്രമണം ശക്തമായതോടെയാണ് വഌദിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയുടെ വഴിയിലേക്ക് റഷ്യയെ പ്രേരിപ്പിക്കാന്‍ ഇതര രാജ്യങ്ങളോട് അഭ്യര്‍ഥിച്ചത്.

ആക്രമണം നാലാം ആഴ്ചയിലേക്കു കടന്നതോടെ 33 ലക്ഷം യുക്രെയിന്‍കാരെങ്കിലും ഇതിനകം പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2018ലാണ് ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ റഷ്യ സേനയുടെ ഭാഗമാക്കിയത്. ശബ്ദത്തിന്റെ 10 മടങ്ങ് വേഗത്തില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും. റഷ്യന്‍ അധിനിവേശത്തിനുശേഷം 3.3 ദശലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഇപ്പോള്‍ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. അതേസമയം, ഏകദേശം 6.5 ദശലക്ഷത്തോളം പേര്‍ രാജ്യത്തിനുള്ളില്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായി കരുതപ്പെടുന്നു- യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു.

Next Story

RELATED STORIES

Share it