Sub Lead

സൗദി രാജാവും കിരീടാവകാശിയും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്

യമനിലെ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് സൗദി വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദി രാജാവും കിരീടാവകാശിയും  തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്
X

ലണ്ടന്‍: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ഭിന്നത വര്‍ധിക്കുന്നതായി റിപോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ ആണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

യമനിലെ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് സൗദി വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് ഖഷഗ്ജി കൊല്ലപ്പെട്ടതെന്ന ആരോപണം ശക്തമാണ്.

83 കാരനായ സൗദി രാജാവ് ഈജിപ്ത് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നത രൂക്ഷമായത്. രാജാവിനെതിരേ നീക്കം നടക്കുന്നുവെന്ന് ഉപദേശകര്‍ അറിയിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തെ മാറ്റിയിരുന്നു. സുരക്ഷാ സംഘത്തിലെ ചിലര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിശ്വസ്തരെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇത്. രാജാവിന്റെ ഈജിപ്ഷ്യന്‍ സുരക്ഷാ ജീവനക്കാരെയും മാറ്റിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തുന്ന രാജാവിനെ സ്വീകരിക്കുന്ന സംഘത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഉള്‍പ്പെടുത്താത്തതും ഭിന്നതയുടെ തെളിവായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

സൗദി രാജാവ് ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിലായിരിക്കെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന് ചുമതല കൈമാറിയിരുന്നു. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാല്‍ സൗദി രാജാവിന്റെ അഭാവത്തില്‍ രണ്ട് സുപ്രധാന തീരുമാനങ്ങളാണ് രാജകുമാരന്‍ കൈക്കൊണ്ടത്. അമേരിക്കന്‍ അംബാസഡറായി രാജകുമാരിയായ റീമ ബിന്ദ് ബന്ദര്‍ ബിന്‍ സുല്‍ത്താനെ നിയമിച്ചതായിരുന്നു ആദ്യത്തേത്. സഹോദരന്‍ ഖാലിദ് ബിന്‍ സുല്‍ത്താനെ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിച്ചതായിരുന്നു രണ്ടാമത്തേത്. രാജാവ് അറിയാതെയാണ് തീരുമാനങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖാലിദ് ബിന്‍ സല്‍മാനെ ഉന്നതസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ രാജാവ് ക്ഷുഭിതനാണെന്നാണ് വിവരം.

സാധാരണയായി രാജകീയ നിയമനങ്ങള്‍ രാജാവിന്റെ പേരിലാണ് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ഫെബ്രുവരി 23ന് ഇറക്കിയ ഉത്തരവ് ഡെപ്യൂട്ടി രാജാവിന്റെ പേരിലാണ്. പതിറ്റാണ്ടുകളായി ഉത്തരവുകളില്‍ ഡെപ്യൂട്ടി രാജാവ് എന്ന് ഉപയോഗിക്കാറില്ലായിരുന്നു. രാജാവും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ ഭിന്നത രൂക്ഷമാണെന്ന ആരോപണങ്ങളെല്ലാം വാഷിംഗ്ടണിലെ സൗദി എംബസി വക്താവ് നിഷേധിക്കുന്നു. ഈജിപ്ത് സന്ദര്‍ശനത്തിനായി പോയപ്പോള്‍ അധികാരം കിരീടാവകാശിക്ക് കൈമാറിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും ഇരുവര്‍ക്കുമിടയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും വക്താവ് പറയുന്നു.

Next Story

RELATED STORIES

Share it