Sub Lead

ആര്‍എസ്എസ് വാര്‍ഷികത്തില്‍ സ്മാരക തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയോടുള്ള അവഹേളനം: സിപിഎം

ആര്‍എസ്എസ് വാര്‍ഷികത്തില്‍ സ്മാരക തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയോടുള്ള അവഹേളനം: സിപിഎം
X

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി സ്മാരക തപാല്‍ സ്റ്റാമ്പും 100 രൂപയുടെ നാണയവും പുറത്തിറക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏല്‍പ്പിക്കുന്ന കനത്ത മുറിവും അവഹേളനവുമാണ് ഇതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം, അവരുടെ സങ്കുചിതമായ 'ഹിന്ദുത്വ രാഷ്ട്ര' സങ്കല്‍പ്പത്തിന്റെ പ്രതീകമാണെന്നും, ഇത് ഒരു ഔദ്യോഗിക നാണയത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണിക്കുന്ന തപാല്‍ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നും സിപിഎം പറയുന്നു. ഇന്തോ-ചൈന യുദ്ധകാലത്ത് ആര്‍എസ്എസ് കാണിച്ച രാജ്യസ്‌നേഹത്തിനുള്ള അംഗീകാരമായി നെഹ്റു അവരെ പരേഡിലേക്ക് ക്ഷണിച്ചു എന്നത് ഒരു നുണയാണ്. ഒരു ലക്ഷത്തിലധികം പൗരന്മാര്‍ പങ്കെടുത്ത ഒരു വലിയ ജനകീയ കൂട്ടായ്മയായിരുന്നു 1963-ലെ റിപ്പബ്ലിക് ദിന പരേഡ് എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. അന്ന് യൂണിഫോം ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിധ്യം, ഇനി അഥവാ ഉണ്ടായിരുന്നെങ്കില്‍ തന്നെ, അത് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും അപ്രധാനവുമായിരുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമല്ല, ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രത്തിന് ശക്തി പകരുകയുമാണ് ആര്‍എസ്എസ് ചെയ്തതെന്ന് സിപിഎം ഓര്‍മ്മിപ്പിച്ചു. കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ നിര്‍ണായക ഘടകമായിരുന്ന ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ഇത് വഴിവെച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഗീയ കലാപങ്ങളില്‍ ആര്‍എസ്എസിനുള്ള പങ്ക് നിരവധി ഔദ്യോഗിക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ ഈ യഥാര്‍ത്ഥ ചരിത്രമാണ്. ഈ പ്രവൃത്തിയിലൂടെ, താന്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സ് അദ്ദേഹം ഇടിച്ചുതാഴ്ത്തിയെന്നും പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it