Sub Lead

ഭീമെ കൊറെഗാവ് കേസ്: റോണയും സുധീര്‍ ധവാലെയും പുറത്തിറങ്ങി

ഭീമെ കൊറെഗാവ് കേസ്: റോണയും സുധീര്‍ ധവാലെയും പുറത്തിറങ്ങി
X

മുംബൈ: ഭീമ കൊറെഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളിയായ സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സനും മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ ധവാലെയും ജാമ്യത്തില്‍ പുറത്തിറങ്ങി. ജനുവരി എട്ടിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും എന്‍ഐഎ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നീണ്ട 16 ദിവസമെടുത്തു.

ആറു വര്‍ഷത്തില്‍ അധികം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയിരിക്കുന്നത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും 300ല്‍ അധികം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാഷ്ട്രീയതടവുകാരുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന സിആര്‍പിപി എന്ന സംഘടനയുടെ പബ്ലിക്ക് റിലേഷന്‍ സെക്രട്ടറിയായിരുന്നു റോണ വില്‍സന്‍. മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് ആക്ടിവിസ്റ്റാണ് സുധീര്‍ ധവാലെ. വിദ്രോഹി എന്ന മാസികയുടെ എഡിറ്ററാണ്.

സുപ്രിംകോടതി ജഡ്ജിയായിരുന്ന പി ബി സാവന്തിന്റെയും ബോംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ജി കൊല്‍സെ പാട്ടിലിന്റേയും നേതൃത്വത്തില്‍ 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയില്‍ അക്രമം ഉണ്ടായെന്ന പരാതിയിലാണ് ഈ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മഹാരാഷ്ട്രയിലെ ബ്രാഹ്ണരെ ദലിതുകള്‍ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്റെ 200ാം വാര്‍ഷിക ആഘോഷമായിരുന്നു നടന്നത്.

പരിപാടി തടയാന്‍ മറാത്തബ്രാഹ്മണ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭാജി ബ്രിഗേഡ് പോലുള്ള സംഘടനകളാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ, കേസ് രജിസ്റ്റര്‍ ചെയതപ്പോള്‍ മാവോവാദി ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സാമൂഹിക പ്രവര്‍ത്തകരെ പ്രതികളാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാന്‍ ആസൂത്രണം ചെയ്തു എന്ന ആരോപണവും കേസിലുണ്ട്. തെലുങ്ക് കവി വരവര റാവു, ദലിത് ബുദ്ധിജീവി ആനന്ദ് തെല്‍തുംദെ, മലയാളിയായ അധ്യാപകന്‍ ഹാനി ബാബു, ശോമ സെന്‍ തുടങ്ങി 16 പേരെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it