Sub Lead

മനുഷ്യക്കടത്ത് കേസ്: ആന്‍ഡ്രൂ ടേറ്റിനെ 30 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

മനുഷ്യക്കടത്ത് കേസ്: ആന്‍ഡ്രൂ ടേറ്റിനെ 30 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
X

ബുക്കറസ്റ്റ്: മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ കിക്ക് ബോക്‌സിങ് മുന്‍ താരവും സാമൂഹികമാധ്യമത്തിലെ വിവാദനായകനുമായ ആന്‍ഡ്ര്യൂ ടേറ്റിനെ റൊമാനിയന്‍ കോടതി 30 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. പോലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി ഉത്തരവ്. അറസ്റ്റിലായ നാല് പ്രതികളെ 30 ദിവസത്തേക്ക് പ്രീട്രയല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായി റൊമാനിയയിലെ സംഘടിത കുറ്റകൃത്യ, ഭീകരവാദ ഡയറക്ടറേറ്റിന്റെ (DIICOT) വക്താവ് റമോണ ബൊല്ല എഎഫ്പിയോട് പറഞ്ഞു. വ്യാഴാഴ്ചയാണ് ടേറ്റിനെയും സഹോദരന്‍ ട്രിസ്റ്റനെയും പോലിസ് പിടികൂടിയത്.

സ്ത്രീകളെ റിക്രൂട്ട് ചെയ്ത് നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ബലാല്‍സംഗം, കുറ്റകൃത്യത്തിനായി സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രോസിക്യൂഷന്‍ ടേറ്റിനെതിരേ ചുമത്തിയിട്ടുണ്ട്. 2016ല്‍ 'ബിഗ് ബ്രദര്‍' ബ്രിട്ടീഷ് ടെലിവിഷന്‍ ഷോയില്‍ സ്ത്രീയെ ആക്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയും ആന്‍ഡ്ര്യൂ ടേറ്റ് കുപ്രസിദ്ധനാണ്. അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ റൊമാനിയന്‍ പൗരന്‍മാരാണ്.

അന്വേഷണത്തിന്റെ ഭാഗമായി റൊമാനിയന്‍ പോലിസ് രാജ്യത്തെ അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അതേസമയം, ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ടേറ്റ്‌സിന്റെ അഭിഭാഷകന്‍ യൂജെന്‍ വിഡിനാക് പറഞ്ഞു. 36 കാരനായ ആന്‍ഡ്രൂ ടേറ്റ് ഇതുവരെ ആരോപണങ്ങളെക്കുറിച്ച് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ കസ്റ്റഡിയിലെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ 1999 ലെ 'മാട്രിക്‌സ്' എന്ന സിനിമയെ പരാമര്‍ശിച്ച് ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. 'മാട്രിക്‌സ് അവരുടെ ഏജന്റുമാരെ അയച്ചു' എന്നായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it