Sub Lead

ഗസയിലെ വംശഹത്യ കഴിഞ്ഞാല്‍ വലതുപക്ഷം ഇന്ത്യയിലും വംശഹത്യ നടത്താമെന്ന് പ്രകാശ് രാജ്

ഗസയിലെ വംശഹത്യ കഴിഞ്ഞാല്‍ വലതുപക്ഷം ഇന്ത്യയിലും വംശഹത്യ നടത്താമെന്ന് പ്രകാശ് രാജ്
X

ന്യൂഡല്‍ഹി: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ കഴിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ വലതുപക്ഷമെന്നും അതിന് ശേഷം ഇവിടെയും വംശഹത്യയുണ്ടാവാമെന്നും നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ പ്രതിഷേധിച്ചവരുടെ ജാമ്യഹരജികള്‍ തള്ളിയതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് പ്രകാശ് ഇങ്ങനെ പറഞ്ഞത്. പൗരാവകാശ സംഘടനയായ എപിസിആറാണ് പരിപാടി സംഘടിപ്പിച്ചത്.

''നമ്മളെല്ലാം വലതുപക്ഷ സര്‍ക്കാരിനെ മനസിലാക്കണം, ലോകമെമ്പാടുമുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ വംശഹത്യ കാണാന്‍ ആഗ്രഹിക്കുന്നു. അതിനെ സാധാരണമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇവിടെ തന്നെ തടവിലാക്കിയവരെ നോക്കൂ. അവര്‍ ഭാവി നേതാക്കളാണ്, വിദ്യാസമ്പന്നരാണ്, അവര്‍ക്ക് ശബ്ദമുണ്ട്, അതെ അവര്‍ മുസ്‌ലിംകളുമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ അവരെ ഭയക്കുന്നത്.''- പ്രകാശ് രാജ് പറഞ്ഞു.

സല്‍മാന്‍ ഖാനെയും ആമിര്‍ ഖാനെയും ഷാരൂഖ് ഖാനെയും ആരാധിക്കുന്ന എന്നാല്‍, മുസ്‌ലിംകളെ ഭയക്കുന്ന ഒരു സുഹൃത്ത് തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ദുഖം വരുമ്പോള്‍ അയാള്‍ റാഫിയെ കേള്‍ക്കുന്നു. സ്‌നേഹം പ്രകടിപ്പിക്കേണ്ടപ്പോള്‍ അയാള്‍ ഫൈസിന്റെ കവിതയിലേക്ക് തിരിയുന്നു, എന്നാല്‍ മുസ്‌ലിംകളെ ഭയക്കുന്നു.''- പ്രകാശ് രാജ് പറഞ്ഞു. ആ സുഹൃത്ത് വാട്ട്‌സാപ്പ് സര്‍വകലാശാലയുടെ ഇരയാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ പിടികൂടി. പക്ഷേ, അല്‍പ്പസമയത്തിനകം അവര്‍ പുറത്തിറങ്ങി. ''ഈ രാജ്യത്ത്, ഒരാള്‍ അര കിലോ ആട്ടിറച്ചിയുമായി വീട്ടിലേക്ക് വരുന്നു, കിംവദന്തികള്‍ പരക്കുന്നു, ഒരു ആള്‍ക്കൂട്ടം ഒത്തുകൂടുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ അറിയുന്നതിനുമുമ്പ്, അയാള്‍ കൊല്ലപ്പെടുന്നു. എന്തുകൊണ്ടാണ് താന്‍ മരിച്ചതെന്ന് അയാള്‍ക്ക് പോലും അറിയില്ല. ഇത് ഭരണത്തെക്കുറിച്ചല്ല, നീതിയെക്കുറിച്ചല്ല, ഗൂഢാലോചനകളെക്കുറിച്ചല്ല, അവര്‍ കെട്ടിപ്പടുക്കുന്ന എല്ലാ വിവരണങ്ങളുമാണ്, അത് സാധാരണമാവാന്‍ അവര്‍ ആഗ്രഹിക്കുന്നു,'-പ്രകാശ് രാജ് പറഞ്ഞു.



ചെന്നൈയില്‍ താമസിക്കുന്ന ഒരു ബംഗാളി യുവതി തന്റെ രേഖകള്‍ക്കായി പരക്കം പായുന്നതായി കണ്ടുവെന്ന് പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ബിഹാര്‍ ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് ഇഖ്ബാല്‍ അന്‍സാരി, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ഗോണ്‍സാല്‍വസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it