Sub Lead

ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി

ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി
X

ചെന്നൈ: ഗവര്‍ണര്‍ ആര്‍ എന്‍ രവി പങ്കെടുത്ത മധുര കാമരാജ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊന്‍മുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ രാഷ്ട്രീയം തിരുകാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.

മധുര കാമരാജ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളെ ഗവര്‍ണറുടെ ഓഫിസ് ഒറ്റയ്ക്ക് തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചത്. സാധാരണ വൈസ് ചാന്‍സലറാണ് അതിഥികളെ നിശ്ചയിക്കുക. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാന്‍സലറുമായ തന്റെ ഓഫിസുമായി കൂടിയാലോചിക്കാതെ ഗവര്‍ണറുടെ ഓഫീസിന്റെ മാത്രം നിര്‍ദേശപ്രകാരം അതിഥികളെ നിശ്ചയിച്ചെന്നാണ് മന്ത്രിയുടെ പരാതി. ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം മുന്‍കൂട്ടി അറിയിച്ചിരുന്നു.

ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റിനെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിനെത്തിയ ഗവര്‍ണര്‍ക്ക് നേരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ഇവരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മില്‍ തുടക്കം മുതല്‍ തന്നെ രസത്തിലല്ല. ഭരണഘടനാ സ്ഥാനത്തിരുന്ന് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നാണ് ഡിഎംകെയുടെ ആരോപണം. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടും വ്യംഗ്യത്തിലും ഇത് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പുവയ്ക്കാതെയും പ്രമേയങ്ങള്‍ രാഷ്ട്രപതിക്ക് അയക്കാതെയും നിസ്സഹകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ നേരത്തേയും മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിരുന്നു.

Next Story

RELATED STORIES

Share it