Sub Lead

'നീതിപീഠത്തിന് പുറത്തുള്ള കൊലപാതകത്തെ അംഗീകരിക്കാനാവില്ല'; ഹൈദരാബാദ് പോലിസ് വെടിവയ്പ്പിനെതിരേ പ്രതിഷേധം ശക്തം

'എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ കാലക്രമേണ നിരപരാധികളേയും ഇരകാളാക്കും. നിയമപരമായ നടപടിക്രമങ്ങളാണ് നമ്മളെയും സംരക്ഷിക്കുന്നത്' ജയപ്രകാശ് നാരായണ്‍ പറഞ്ഞു.

നീതിപീഠത്തിന് പുറത്തുള്ള കൊലപാതകത്തെ അംഗീകരിക്കാനാവില്ല; ഹൈദരാബാദ് പോലിസ് വെടിവയ്പ്പിനെതിരേ പ്രതിഷേധം ശക്തം
X

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലിസ് പിടികൂടിയ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം.

ശശിതരൂര്‍ എംപി, ജയപ്രകാശ് നാരായണ്‍, വിടി ബല്‍റാം എംഎല്‍എ തുടങ്ങി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. നിയമങ്ങളനുസരിച്ച് മുന്നോട്ടു പോവുന്ന ഒരു സമൂഹത്തില്‍ നീതിപീഠത്തിന് പുറത്തുള്ള കൊലപാതകത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് ശശിതരൂര്‍ ട്വീറ്റ് ചെയ്തത്.

'തത്വത്തില്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും കുറ്റവാളികള്‍ ആയുധധാരികളായിരുന്നോ എന്നും പോലിസ് മുന്‍കൂട്ടി പ്രതികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട്. വിശദാംശങ്ങള്‍ ലഭിക്കുന്നതു വരെ വിഷയത്തില്‍ അപലപിക്കരുത്. പക്ഷെ നിയമങ്ങളനുസരിച്ച് മുന്നോട്ടു പോവുന്ന ഒരു സമൂഹത്തില്‍ നീതിപീഠത്തിന് പുറത്തുള്ള കൊലപാതകങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല' ശശിതരൂര്‍ ട്വീറ്റ് ചെയ്തു.

'ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അത് ശരിയായ നിയമനടപടിയിലൂടെയായിരിക്കണം നടപ്പാക്കേണ്ടത്. പോലിസ് ഒരുപക്ഷെ താങ്ങാനാവാത്ത സംഘര്‍ഷത്തിലായിരിക്കാം. എന്നാല്‍ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ കാലക്രമേണ നിരപരാധികളേയും ഇരകാളാക്കും. നിയമപരമായ നടപടിക്രമങ്ങളാണ് നമ്മളെയും സംരക്ഷിക്കുന്നത്' ജയപ്രകാശ് നാരായണ്‍ പറഞ്ഞു.

ഹൈദരാബാദില്‍ നടന്ന വെടിവെയ്പും വെറ്റിനറി ഡോക്ടര്‍ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ടതും എല്ലാം ഒരു തകര്‍ന്ന നീതിന്യായ വ്യവസ്ഥയുടെ വിശ്വാസമില്ലായ്മയാണ് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്ത് ട്വീറ്റ് ചെയ്തത്. പോലിസ് നടപടിയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

'പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലിസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല.

ഇപ്പോള്‍ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പോലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പോലീസ് സ്‌റ്റേറ്റാണ്, ഫാഷിസമാണ്.' ബല്‍റാം വ്യക്തമാക്കി.

Next Story

RELATED STORIES

Share it