Sub Lead

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രാനുമതിയില്ല. സംസ്ഥാനം നല്‍കിയ 10 മാതൃകകളും കേന്ദ്രസര്‍ക്കാര്‍ തള്ളി. കേരളത്തിന്റെ വികസന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യ മാതൃകകളാണ് നല്‍കിയതെങ്കിലും തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം തുടങ്ങിയ പ്രമേയങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിച്ചത്. ഈ പ്രമേയം അനുസരിച്ചാണ് നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കേണ്ടിയിരുന്നത്. എന്നാല്‍, കേരളം നല്‍കിയ ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെയുള്ള നിശ്ചല ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രമേയത്തിന് അനുസൃതമല്ലെന്നു പറഞ്ഞാണ് തള്ളിയത്. മൂന്ന് ഘട്ടങ്ങളിലായി മാതൃകകള്‍ പരിശോധിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ ചില ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. ഭേദഗതികള്‍ വരുത്തി നാല് മാതൃകകള്‍ കേരളം വീണ്ടും സമര്‍പ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന വിഷയത്തില്‍ സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന്റെ പ്രതിമ ഉള്‍പ്പെട്ട മാതൃകയും വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമാണ് കേരളം സമര്‍പ്പിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം സൂചിപ്പിക്കുന്ന മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്റെ പ്രതിമ അടങ്ങിയ മാതൃക, കേരള ടൂറിസത്തിന്റെ മാതൃക എന്നിവയും കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളുകയായിരുന്നു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ അനുമതി നേരത്തേ തള്ളിയിരുന്നു. കേന്ദ്രനടപടിക്കെതിരേ പഞ്ചാബ്, പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. 2023ലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ മാതൃകയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ 2020ലും 2022ലും കേരളത്തിന്റെ മാതൃകം തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it