Sub Lead

പ്രതിഷേധത്തിനിടെ പോലിസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് (വീഡിയോ)

പ്രതിഷേധത്തിനിടെ പോലിസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് (വീഡിയോ)
X

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പോലിസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാന രാജ്ഭവനിലേക്ക് നടത്തിയ 'ചലോ രാജ്ഭവന്‍' മാര്‍ച്ചിനിടെയാണ് സംഭവം. വാക്കേറ്റത്തിനിടെ മുന്‍ കേന്ദ്രമന്ത്രി കൂടിയായ രേണുക ചൗധരി പോലിസുകാരന്റെ കോളറില്‍ പിടിച്ചുവലിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പോലിസുകാരനുമായി രേണുക തര്‍ക്കിക്കുന്ന ദൃശ്യങ്ങളും 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. പിന്നീട് കൂടുതല്‍ വനിതാ പോലിസുകാരെത്തി രേണുകയെ കസ്റ്റഡിയിലെടുത്ത് പോലിസ് വാഹനത്തിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് രേണുകയുടെ പേരില്‍ കേസെടുത്തു. ഇവര്‍ക്കും തെലങ്കാന കോണ്‍ഗ്രസ് തലവന്‍ രേവന്ത് റെഡ്ഡിക്കുമെതിരേ 151, 140, 147, 149, 341, 353 എന്നീ ഐപിസി സെക്ഷനുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പഞ്ചാഗട്ട ഇന്‍സ്‌പെക്ടര്‍ നിരഞ്ജന്‍ റെഡ്ഡി അറിയിച്ചു.

എന്നാല്‍, അവര്‍ തന്നെ തള്ളിയെന്നും നേരത്തെ കാലിന് പ്രശ്‌നമുള്ള തന്റെ ബാലന്‍സ് നഷ്ടമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മേല്‍ വീഴുകയായിരുന്നുവെന്നും രേണുക പിന്നീട് പ്രതികരിച്ചു. അദ്ദേഹത്തോട് മാപ്പുചോദിക്കുന്നു. പക്ഷേ, തങ്ങളെ മര്‍ദ്ദിച്ചതിന് പോലിസ് തന്നോട് മാപ്പ് പറയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ ചുറ്റും ഇത്രയും പോലിസുകാരുടെ ആവശ്യമെന്നും അവര്‍ ചോദിക്കുന്നു.

പോലിസുകാരനെതിരായ അതിക്രമത്തിന്റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പോലിസ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് മല്ലു ഭാട്ടി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം മേഖലയില്‍ വലിയ ഗതാഗതക്കുരുക്കിനും വഴിവച്ചു. പ്രതിഷേധക്കാര്‍ ഒരു ബൈക്കിന് തീയിടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it