Sub Lead

ഹിജാബ്: മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കണം- കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം

ഹിജാബ്: മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കണം- കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം
X

ബംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് കോളജില്‍ പ്രവേശനം നിഷേധിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളജിലാണ് ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ക്ക് പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രീ യൂനിവേഴ്‌സിറ്റി തലങ്ങളില്‍ സര്‍ക്കാര്‍ യൂനിഫോം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുന്ദാപൂര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഹിജാബ് ധരിച്ച 19 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ഗേറ്റ് അടയ്ക്കുകയും കോളജില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഇത് പൗരന്‍മാരുടെ മൗലികാവകാശത്തിനെതിരാണ്. ബിജെപി എംഎല്‍എ രഘുപതി ഭട്ട് കോളജ് മാനേജ്‌മെന്റിനോട് യൂനിഫോം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിര്‍ബന്ധമാക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ് ? കൂടാതെ ഇതൊരു സര്‍ക്കാര്‍ കോളജാണ്. സംസ്ഥാന ഖജനാവില്‍നിന്ന് ശമ്പളം വാങ്ങുന്ന ഈ പ്രിന്‍സിപ്പല്‍ ബിജെപി എംഎല്‍എയുടെ നിര്‍ദേശപ്രകാരം പ്രവേശന കവാടത്തില്‍ നില്‍ക്കുകയും ഗേറ്റ് അടയ്ക്കുകയും ചെയ്യുന്നു. കോളജിലെ പ്രിന്‍സിപ്പലിനെ നീക്കണം- സിദ്ധരാമയ്യ പറഞ്ഞു.

ഹിജാബ് വിഷയത്തിന് ഒരു രാഷ്ട്രീയ നിറം നല്‍കാന്‍, ബിജെപി വിദ്യാര്‍ഥികളെ കാവി ഷാള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുന്നു, ഇതൊരു പ്രശ്‌നമാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നു. എന്തുകൊണ്ടാണ് അവര്‍ ഇത്രയും ദിവസം കാവി ഷാള്‍ ധരിച്ച് വരാത്തത് ? വര്‍ഷങ്ങളായി ഇവിടെ ഹിജാബ് ധരിക്കുന്നു. അത് ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്. നിങ്ങള്‍ എന്തിനാണ് ഇത് തടയാന്‍ ശ്രമിക്കുന്നത് ? ' സിദ്ധരാമയ്യ ചോദിച്ചു. വിഷയം ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. രണ്ട് ഹരജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയണം. വ്യക്തിപരമായി, ഇത് വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതായി എനിക്ക് തോന്നുന്നു.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. വിദ്യാര്‍ഥിനികളെ പഠനത്തില്‍ നിന്ന് അകറ്റാനുള്ള ഗൂഢാലോചനയാണ് ഇത്. വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു മൗലികാവകാശമാണ്. മതം ആചരിക്കാനുള്ള അവകാശം മൗലികാവകാശമാണ്. ഇത് വളരെ മോശമാണ്. കോളജ് പ്രിന്‍സിപ്പല്‍ ഗേറ്റിന് സമീപം നില്‍ക്കുന്നു, കുട്ടികള്‍ കരയുമ്പോള്‍ പോലും അവരെ അകത്തേക്ക് കടക്കാന്‍ അനുവദിക്കാത്തത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ വിവിധ കോളജുകളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

ഉഡുപ്പി ഗവ.വനിത പി യു കോളജില്‍ എട്ട് വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദുത്വ സംഘടനാ നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്ന് പുറത്താക്കിയത്. ഇതിന് തുടര്‍ച്ചയായാണ് കുന്ദാപൂര്‍ ഗവ. കോളജിലും ഹിന്ദുത്വ പ്രതിഷേധം ആരംഭിച്ചത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുന്ദാപൂര്‍ ഗവ. കോളജിലെ മുസ്‌ലിം വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി ഗേറ്റ് അടയ്ക്കുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കോളജ് അധികൃതരുടെ നടപടി.

ഹിന്ദുത്വ വിദ്യാര്‍ഥി സംഘടന ഹിജാബിനെതിരേ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോളജ് അധികൃതര്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ പുറത്താക്കി ഗേറ്റ് അടച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്തുനിര്‍ത്തുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഗേറ്റ് ശക്തമായ അടച്ചുപിടിച്ചു. ഹിജാബിനെതിരേ പ്രതിഷേധിച്ച ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞാണ് കോളജിലെത്തിയത്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളുടെ ഭീഷണി.

Next Story

RELATED STORIES

Share it