Sub Lead

പെഹ്‌ലുഖാനെതിരായ കേസ് പുനരന്വേഷിക്കാന്‍ കോടതിയുടെ അനുമതി

അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്നാണ് കരുതിയതെങ്കിലും എന്നാല്‍ തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു

പെഹ്‌ലുഖാനെതിരായ കേസ് പുനരന്വേഷിക്കാന്‍ കോടതിയുടെ അനുമതി
X
ആല്‍വാര്‍(രാജസ്ഥാന്‍): പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാനും മകനുമെതിരേ കേസെടുത്ത നടപടി ചോദ്യംചെയ്ത് മകന്‍ നല്‍കിയ ഹരജിയില്‍ പുനരന്വേഷണത്തിനു കോടതി അനുമതി. ആല്‍വാര്‍ കോടതിയാണ് പുനരന്വേഷണം നടത്താന്‍ രാജസ്ഥാന്‍ പോലിസിനു അനുമതി നല്‍കിയത്. കൊലപാതകം നടന്ന് രണ്ടുവര്‍ഷത്തിനു ശേഷം പോലിസ് സമര്‍പ്പിച്ച അധികകുറ്റപത്രത്തില്‍ പെഹ്‌ലുഖാനും മകനുമെതിരേ പശു മോഷണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് കേസില്‍ പുുനരന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ അഞ്ചുദിവസം മുമ്പ് കോടതിയെ സമീപിച്ചതോടെയാണ് ആശ്വാസനടപടിയുണ്ടായത്. വിശദമായ അന്വേഷണം നടത്തി അധികകുറ്റപത്രം സമര്‍പ്പിക്കുമെന്ന് ആല്‍വാര്‍ പോലിസ് സൂപ്രണ്ട് പാരിഷ് ദേശ്കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഹിന്ദുത്വര്‍ പെഹ്‌ലുഖാനെയും സഹായികളെയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളുണ്ടായിട്ടും ഹിന്ദുത്വ സംഘം പെഹ്‌ലുഖാനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെഹ്‌ലുഖാന്‍ രണ്ടുദിവസത്തിനു ശേഷമാണ് മരണപ്പെട്ടത്. സംഭവത്തില്‍ രണ്ടു കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പെഹ്‌ലുഖാനെ ആക്രമിച്ചതിന് എട്ടുപേര്‍ക്കെതിരേയും ആവശ്യമായ രേഖകളില്ലെന്നു പറഞ്ഞ് ഇദ്ദേഹത്തിനും മകനുമെതിരേയാണ് കേസെടുത്തിരുന്നത്. പ്രതികള്‍ക്ക് എട്ടുപേരും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. പെഹ്‌ലുഖാനും മകനുമെതിരേ കുറ്റം ചുമത്തിക്കൊണ്ട് മെയ് 29ന് ബെഹ്‌റോറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ജൂണില്‍ പുറത്തായതോടെയാണ് വിവാദമായ്ത. ഇരകള്‍ക്കെതിരേ കേസെടുത്തതിനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദും ആരോപിച്ചു. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്നാണ് കരുതിയതെങ്കിലും എന്നാല്‍ തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കൊലക്കേസില്‍ പെഹ്‌ലുഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറുപേരും സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നു പറഞ്ഞ് പോലിസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.





Next Story

RELATED STORIES

Share it