Big stories

മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇന്ന് റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച്

ബുധനാഴ്ച ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും  ഇന്ന് റെഡ് അലര്‍ട്ട്; അഞ്ചിടത്ത്  ഓറഞ്ച്
X

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന്(ബുധനാഴ്ച) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളത്ത് യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തേ കണ്ണൂരില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടാണു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്തതിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് നല്‍കുകയായിരുന്നു. അതിനാല്‍ തന്നെ ഇന്ന് ക്യാംപ് ഒഴിയരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരത്തെ തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധിയുണ്ട്. കണ്ണൂരില്‍ പ്രൊഫഷനല്‍ കോളജുകള്‍ക്കും വയനാട്ടിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധിയില്ല. ബുധനാഴ്ചത്തെ കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും പിഎസ്‌സി വകുപ്പുതല പരീക്ഷകളും മാറ്റിവച്ചിരുന്നു. ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍നിന്നു കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റും. സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടര ലക്ഷം പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണു പ്രാഥമിക കണക്ക്. ദുരിതബാധിതര്‍ക്കുളള ധനസഹായം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചേക്കും.






Next Story

RELATED STORIES

Share it