Sub Lead

നിങ്ങളുടെ ഫോണില്‍ ഇന്നൊരു എമര്‍ജന്‍സി അലേര്‍ട്ട് ലഭിച്ചോ?; എങ്കില്‍ ഇതറിയണം

നിങ്ങളുടെ ഫോണില്‍ ഇന്നൊരു എമര്‍ജന്‍സി അലേര്‍ട്ട് ലഭിച്ചോ?; എങ്കില്‍ ഇതറിയണം
X

ന്യൂഡല്‍ഹി: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്ന് വല്ല എമര്‍ജന്‍സി അലേര്‍ട്ട് വന്നിട്ടുണ്ടോ. ഉണ്ടെങ്കില്‍ വേവലാതിയൊന്നും വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിക്കുന്നത്. അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു ടെക്സ്റ്റ് മെസേജ് അയച്ചതത്രേ. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ സന്ദേശം എത്തിയത്. ഗൗരവതരമായ അടിയന്തര മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് സന്ദേശമെത്തിയത്. 'ഇത് ഇന്ത്യാ ഗവണ്‍മെന്റിലെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാംപിള്‍ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാല്‍ ഈ സന്ദേശം അവഗണിക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് സന്ദേശം TEST Pan-India എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റത്തിലേക്ക് അയച്ചിരിക്കുന്നത്. പൊതുജന സുരക്ഷ വര്‍ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടാണ് സന്ദേശം അയക്കുന്നതെന്നും അതില്‍ പറയുന്നുണ്ട്. മൊബൈല്‍ ഓപറേറ്റര്‍മാരുടെയും സെല്‍ ബ്രോഡ്കാസ്റ്റ് സംവിധാനങ്ങളുടെയും അടിയന്തര മുന്നറിയിപ്പ് പ്രക്ഷേപണ ശേഷിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്താന്‍ വേണ്ടിയാണ് പരീക്ഷണമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ ഇത്തരം പരിശോധനകള്‍ ചില സമയങ്ങളില്‍ നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അറിയിച്ചു. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്നാണ് ഇത്തരമൊരു സന്ദേശപ്രചാരണം നടത്തുന്നത്. ഇന്ത്യയിലെ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ജൂലൈ 20 ന് സമാനമായ ടെസ്റ്റ് അലേര്‍ട്ട് ലഭിച്ചിരുന്നു. സന്ദേശത്തോടൊപ്പം ഉപയോക്താക്കളുടെ ഫോണുകളില്‍ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദവും അയച്ചിരുന്നു.

Next Story

RELATED STORIES

Share it