Big stories

ശ്രീറാം വെങ്കട്ടരാമന്റെ പുനര്‍ നിയമനം: സിപിഎം ലോബിയെ ഉപയോഗിച്ച് പത്ര പ്രവര്‍ത്തക യൂനിയനെ പിണറായി സര്‍ക്കാര്‍ കുളിപ്പിച്ചു കിടത്തി

പത്രപ്രവര്‍ത്തക യൂനിയന്‍ തലപ്പത്തുള്ള ദേശാഭിമാനിയിലെയും കൈരളിയിലെയും ആളുകളെ ഉപയോഗിച്ച് യൂനിയനെ അക്ഷരാര്‍ഥത്തില്‍ നിര്‍ജീവമാക്കിയാണ് സര്‍ക്കാര്‍ ശ്രീറാം വെങ്കട്ട രാമന് പുനര്‍ നിയമനം നല്‍കിയത്.

ശ്രീറാം വെങ്കട്ടരാമന്റെ പുനര്‍ നിയമനം: സിപിഎം ലോബിയെ  ഉപയോഗിച്ച് പത്ര പ്രവര്‍ത്തക യൂനിയനെ പിണറായി സര്‍ക്കാര്‍ കുളിപ്പിച്ചു കിടത്തി
X

പി സി അബ്ദുല്ല

കോഴിക്കോട്: ഒറ്റുകാരെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ കുളിപ്പിച്ചു കിടത്തിയ കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ ശവ ദാഹം മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന ആക്ഷേപം കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തം. കേരളത്തിലെ മാധ്യമ ലോകം ഒന്നടങ്കം കടുത്ത പ്രതിഷേധം നെഞ്ചേറ്റിയ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കെയുഡബ്ല്യുജെയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പത്രപ്രവര്‍ത്തക യൂനിയന്‍ തലപ്പത്തുള്ള ദേശാഭിമാനിയിലെയും കൈരളിയിലെയും ആളുകളെ ഉപയോഗിച്ച് യൂനിയനെ അക്ഷരാര്‍ഥത്തില്‍ നിര്‍ജീവമാക്കിയാണ് സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമന് പുനര്‍ നിയമനം നല്‍കിയത്. ശ്രീറാം വെങ്കട്ടരാമന്റെ കാര്യത്തില്‍ സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകരുടെ കരിങ്കാലിപ്പണി പകല്‍ പോലെ മറനീങ്ങിയിട്ടും കൊറോണ ഭീതിയുടെ മറവില്‍ സര്‍ക്കാരിനും ഒറ്റുകാര്‍ക്കുമെതിരേ പ്രതിഷേധിക്കാനാവാത്ത അവസ്ഥയിലാണ് കെയുഡബ്ല്യൂജെയിലെ മറ്റ് അംഗങ്ങള്‍.

പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് ശ്രീറാമിന് പുനര്‍ നിയമനം നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.എന്നാല്‍, കെയുഡബ്ലുജെയെ നോക്കുകുത്തിയാക്കി സംഘടനയുടെ സംസ്ഥാന, തിരുവനന്തപുരം ജില്ലാ നേതൃ നിരയിലുള്ള ദേശാഭിമാനി, കൈരളി പ്രതിനിധികളെ ഉപയോഗിച്ച് ആസൂത്രിത അട്ടിമറിയാണ് സര്‍ക്കാര്‍ നടത്തിയതെന്ന കൃത്യമായ വിവരങ്ങളാണ് പുറത്തു വന്നത്. സര്‍ക്കാര്‍ വാദം തള്ളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജി രംഗത്തു വന്നതിനു പിന്നാലെ യൂനിയനില്‍ പ്രതിസന്ധി കനത്തു. തിരുവനന്തപുരത്ത് ഒരു നിര്‍വാഹക സമിതിയംഗം രാജിവച്ചു. ദേശാഭിമാനി, കൈരളി ലോബിക്കെതിരേ ശക്തമായ അമര്‍ഷമാണ് യൂനിയനില്‍ പുകയുന്നത്. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം നല്‍കാത്തതിന്റെ മറവില്‍ നേരത്തെ ശ്രീരാമിനെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥ ലോബി ചരടു വലിച്ചിരുന്നു. പത്ര പ്രവര്‍ത്തക യൂനിയന്‍ ശക്തമായി ഇടപെട്ടതിനെ തുടര്‍ന്ന് അന്ന് തിരിച്ചെടുക്കാനുള്ള നീക്കം മുഖ്യ മന്ത്രി തടഞ്ഞു.

എന്നാല്‍, ശ്രീറാമിനെ തിരികെ കൊണ്ടുവരാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ലോബി കൊണ്ടു പിടിച്ച നീക്കങ്ങള്‍ തുടര്‍ന്നു. പത്രപ്രവര്‍ത്തക യൂനിയനുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന് മുഖ്യ മന്ത്രിയുടെ ഓഫിസ് അടക്കമുള്ള സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചു.പത്ര പ്രവര്‍ത്തക യൂനിയനിലെ സിപിഎം ലോബിയെ ഉപയോഗിച്ചുള്ള അട്ടിമറി നീക്കത്തിന്റെ മുന്നോടിയായിരുന്നു ആ പ്രചാരണം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കെയുഡബ്ല്യുജെ സംസ്ഥാന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അന്ന് കാണാന്‍ കഴിയില്ലെന്നറിയിച്ചു. അതിനിടെ, പത്ര പ്രവര്‍ത്തക യൂനിയനിലെ സിപിഎം ലോബി സര്‍ക്കാരിന് അനുകൂലമായി രംഗത്തു വന്നു. മാധ്യമ പ്രവര്‍ത്തകനെന്നതിലുപരി സിപിഎം ആജ്ഞാനുവര്‍ത്തി എന്നറിയപ്പെടുന്ന കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. സംസ്ഥാന പ്രസിഡന്റടക്കമുള്ളവര്‍ അറിയാതെ ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ താല്‍പര്യത്തിന് സിപിഎം ലോബിക്ക് നിര്‍ണായക സ്വാധീനമുള്ള കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി വഴങ്ങി. കെ എം ബഷീറിന്റെ കാര്യത്തില്‍ പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടേയും മാധ്യമ പ്രവര്‍ത്തകരുടെ ആകെയും വികാരം കാറ്റില്‍ പറത്തിയാണ് 14അംഗങ്ങളില്‍ 13 പേരും ദേശാഭിമാനി പാനലില്‍ നിന്നുള്ളവര്‍ ഭരിക്കുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ പിന്തുണ നല്‍കിയത്.

പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ്(ദേശാഭിമാനി), വൈസ് പ്രസിഡന്റ് പിവി കുട്ടന്‍ (കൈരളി), സെക്രട്ടറി ടി പി പ്രശാന്ത് (കൈരളി), നിര്‍വാഹക സമിതിയംഗങ്ങളായ എം എസ് അശോകന്‍, എ പി സജിഷ (ഇരുവരും ദേശാഭിമാനി) എന്നിവരും സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചു എന്നാണ് പത്ര പ്രവര്‍ത്തക യൂനിയന്‍ അംഗങ്ങള്‍ക്കിടയിലുയര്‍ന്ന ആക്ഷേപം.

ഇത്തവണ പത്ര പ്രവര്‍ത്തക യൂനിയന്‍ നേതൃത്വത്തിലേക്ക് മല്‍സരത്തിനില്ല എന്നായിരുന്നു ദേശാഭിമാനി, കൈരളി ലോബിയുടെ ആദ്യ തീരുമാനം. എന്നാല്‍, പിണറായി സര്‍ക്കാരിന് രണ്ടു വര്‍ഷം കൂടി കാലാവധിയുള്ളതിനാല്‍ ദേശാഭിമാനി പാനല്‍ മല്‍സര രംഗത്തെത്തുകയും കുത്തക പത്രങ്ങളുടെ പാനല്‍ തകര്‍ത്ത് സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍ ഭൂരിപക്ഷം നേടുകയുമായിരുന്നു.

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നായിരുന്നു കെയുഡബ്ല്യുജെയുടെ പ്രഖ്യാപനം. എന്നാല്‍, ഡോക്ടര്‍മാരടക്കം സാക്ഷികളായ കേസിലെ മുഖ്യ പ്രതിയെ പത്ര പ്രവര്‍ത്തക യൂനിയന്റെ തന്നെ പിന്തുണയോടെ സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ തന്നെ തിരിച്ചെടുത്തു എന്നതാണ് വിരോധാഭാസം. മജീദിയ വേജ് ബോര്‍ഡ് പ്രതികാര നടപടികളിലടക്കം പത്ര പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമ പോരാട്ടങ്ങള്‍ നടത്തിയ യൂനിയന്‍ കെ എം ബഷീറിന്റെ കേസില്‍ അത്തരം നീക്കങ്ങളൊന്നും നടത്തിയില്ല. ഇപ്പോള്‍, ശ്രീറാം വെങ്കട്ടരാമനെ തിരിച്ചെടുത്തതിനെതിരേ സംഘടന പരസ്യമായ ചോദ്യങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, യൂണിയന്‍ സംസ്ഥാന ഭാരവാഹികളുടെ അനുവാദത്തോടെയാണ് ചര്‍ച്ചക്കു പോയതെന്നാണ് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം.

സംസ്ഥാന നേതാക്കള്‍ സ്ഥലത്തില്ലെങ്കില്‍ നിങ്ങള്‍ വരിക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഞങ്ങള്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തി. 'സര്‍ക്കാര്‍ എടുത്ത ഒരു തീരുമാനം നിങ്ങളെ അറിയിക്കാനാനാണ് കാണണം എന്ന് പറഞ്ഞത്, ശ്രീരാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ ഇനി നിയമപരമായി തുടരാന്‍ കഴിയില്ലെന്നും അയാളെ സര്‍വീസില്‍ തിരിച്ചെടുക്കേണ്ടത് അനിവാര്യതയാണെന്നും സിഎം പറഞ്ഞു. സസ്‌പെന്‍ഷന്‍ തുടരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമോപദേശം ആണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്' എന്നും അറിയിച്ചു. സസ്‌പെന്‍ഷന്‍ തുടരണം എന്നാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ നിലപാട്. ഇക്കാര്യത്തില്‍ വലിയ ആശങ്കയും മാനസിക പ്രയാസവും മാധ്യമ സമൂഹത്തിനുണ്ട് എന്നു ഞങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും അദ്ധേഹം പറയുന്നു.


Next Story

RELATED STORIES

Share it