Sub Lead

മുന്‍സിപ്പാലിറ്റി ഗാര്‍ബേജ് വണ്ടിയില്‍ നിന്ന് പശുക്കുട്ടിയുടെ ജഡം പുറത്ത് വീണു; മുസ്‌ലിമായ ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍സിപ്പാലിറ്റി ഗാര്‍ബേജ് വണ്ടിയില്‍ നിന്ന് പശുക്കുട്ടിയുടെ ജഡം പുറത്ത് വീണു; മുസ്‌ലിമായ ഡ്രൈവര്‍ അറസ്റ്റില്‍
X

രത്‌ലം: മുന്‍സിപ്പാലിറ്റിയുടെ ഗാര്‍ബേജ് വണ്ടിയില്‍ പശുക്കുട്ടിയുടെ ജഡം കൊണ്ടുപോയ ഡ്രൈവര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. വണ്ടിയുടെ ഡ്രൈവറായ സാദിഖ് ഖുറേശിയും സഹായിയുമാണ് അറസ്റ്റിലായത്. ഇവരെ ജയിലില്‍ അടച്ചു. തിങ്കളാഴ്ച രാവിലെ സാഗോദ് റോഡിലാണ് സംഭവം. വഴിയരികില്‍ ചത്തുകിടന്ന പശുക്കുട്ടിയുടെ ജഡം ഗാര്‍ബേജ് വണ്ടിയില്‍ കയറ്റിക്കൊണ്ടു പോവുമ്പോള്‍ താഴെ വീഴുകയായിരുന്നു. ഇത് അറിഞ്ഞ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പശുക്കുട്ടിയെ വണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊന്നെന്ന ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് സാദിഖിനെയും സഹായിയേയും മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ പോലിസ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അതിന് ശേഷം ഹിന്ദുത്വ സംഘം പശുക്കുട്ടിയുടെ ജഡം ഒരു കാറില്‍ കയറ്റി നഗരം മുഴുവന്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പിന്നീട് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ എത്തി പ്രതിഷേധിച്ചു. കോര്‍പറേഷന്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലിസ് തടഞ്ഞു. സാദിഖിനെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദുക്കള്‍ അടക്കമുള്ള ക്ലീനിങ് തൊഴിലാളികള്‍ പണിമുടക്കുകയും കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.

അന്വേഷണം പോലും നടത്താതെ സാദിഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും പോലിസിന് പിടിച്ചുകൊടുക്കുകയും ചെയ്ത കോര്‍പറേഷന്‍ നടപടി അവര്‍ വിമര്‍ശിച്ചു. അതേസമയം, ഉല്‍സവ സമയമാണ് ഇതെന്നും ഇപ്പോള്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ അനുവദിക്കാനാവില്ലെന്നും അതിനാലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്നും രത്‌ലം എസ്പി അമിത് കുമാര്‍ പറഞ്ഞു. പശുക്കുട്ടിയുടെ ജഡം തട്ടിയെടുത്ത് കാറില്‍ കൊണ്ടുനടന്നവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it