Sub Lead

''നീ നിന്നാ മതി അവിടെ, നീ ചോദിക്കരുത്, ഞാന്‍ കാണിച്ചു തരാം'; മാധ്യമങ്ങളോട് തട്ടിക്കയറി രാജീവ് ചന്ദ്രശേഖര്‍

നീ നിന്നാ മതി അവിടെ, നീ ചോദിക്കരുത്, ഞാന്‍ കാണിച്ചു തരാം; മാധ്യമങ്ങളോട് തട്ടിക്കയറി രാജീവ് ചന്ദ്രശേഖര്‍
X

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഞാന്‍ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി.

''നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്. ഞാന്‍ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗണ്‍സിലറാണ്. നിങ്ങള്‍ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങള്‍ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതില്‍ നാണമില്ലേ നിങ്ങള്‍ക്ക്''-എന്നായിരുന്നു രാജീവ് ചന്ദ്രേശഖര്‍ പറഞ്ഞത്.

അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെ ഭീഷണിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഇതൊരു പുതിയ സിപിഎം തന്ത്രമാണെന്നും നേതാക്കളെ നേരിട്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച അദ്ദേഹം, ചില മാധ്യമങ്ങള്‍ സിപിഎമ്മിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകയെ സ്ഥാപനത്തിന്റെ പേര് ചോദിച്ച് ചോദ്യം വിലക്കിയ രാജീവ് ചന്ദ്രശേഖറിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്ന അധിക്ഷേപകരമായ പെരുമാറ്റമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായത്. കൈരളി ടിവി റിപോര്‍ട്ടറോടാണ് കയര്‍ത്തത്. എല്ലാ മാധ്യമങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള ജനാധിപത്യ സമൂഹത്തിലാണു ജീവിക്കുന്നതെന്ന സാമാന്യ മര്യാദ പോലും മറന്നാണു പെരുമാറിയത്. ഒരു മാധ്യമ സ്ഥാപന ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ മാധ്യമസ്വാതന്ത്ര്യത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. രാഷ്ട്രീയ വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടുകയും മറുപടി നല്‍കുകയും ചെയ്യുന്നതിനു പകരം മാടമ്പി സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. തീര്‍ത്തും വിലകുറഞ്ഞ പെരുമാറ്റവും പരാമര്‍ശങ്ങളും തിരുത്തി ഖേദം പ്രകടിപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തയാറാവണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it