Sub Lead

ഇ- സിഗരറ്റ് വില്‍പ്പനയും പരസ്യവും നിരോധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

സിഗരറ്റിന്റെ നിര്‍മാണം, വിതരണം, പരസ്യങ്ങള്‍, വില്‍പ്പന എന്നിവയാണ് സംസ്ഥാനത്ത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് നിരോധന ഉത്തരവ് പുറത്തുവരുന്നത്.

ഇ- സിഗരറ്റ് വില്‍പ്പനയും പരസ്യവും നിരോധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
X

ജയ്പൂര്‍: രാജസ്ഥാനില്‍ ഇ- സിഗരറ്റിന് പൂര്‍ണമായി നിരോധം ഏര്‍പ്പെടുത്തി. സിഗരറ്റിന്റെ നിര്‍മാണം, വിതരണം, പരസ്യങ്ങള്‍, വില്‍പ്പന എന്നിവയാണ് സംസ്ഥാനത്ത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് നിരോധന ഉത്തരവ് പുറത്തുവരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നിരോധനം പ്രാബല്യത്തിലായതോടെ ഇനി ഇ- സിഗരറ്റിന്റെ വില്‍പനയും നിര്‍മാണവും ക്രിമിനല്‍ കുറ്റമായി മാറും. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അതിന്റെ ഭാഗമായാണ് നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.

പുകവലി ഒഴിവാക്കുന്നതിനുള്ള ബദല്‍ മാര്‍ഗമാണ് ഇ- സിഗരറ്റെന്ന തരത്തിലുള്ള പരസ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി ആരോഗ്യമന്ത്രി രഘുശര്‍മ പറഞ്ഞു. ഇ- സിഗരറ്റുകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നെന്നും ഈ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക, കേരളം, പഞ്ചാബ്, ജമ്മു കശ്മീര്‍, മിസോറാം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇ- സിഗരറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകര്‍ രാജസ്ഥാനിലും ഇ- സിഗരറ്റ് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ- സിഗരറ്റ്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമരുചികളും ആവശ്യത്തിലധികം ഇ- സിഗരറ്റില്‍ ചേര്‍ത്തിട്ടുണ്ട്. പുകയ്ക്കുപകരം ആവിയാണ് ഇതില്‍ വലിച്ചെടുക്കുന്നത്. ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയും കൊറിയര്‍ വഴിയുമാണ് പ്രധാനമായും ഇ- സിഗരറ്റിന്റെ വില്‍പ്പന നടക്കുന്നത്.

Next Story

RELATED STORIES

Share it