Sub Lead

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം, യുപിഎ കാലത്ത് അതുണ്ടായിരുന്നില്ല: അമിത് ഷായുടെ മുമ്പില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്

കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് പുരസ്‌കാരദാന ചടങ്ങിലാണ് രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം, യുപിഎ കാലത്ത് അതുണ്ടായിരുന്നില്ല: അമിത് ഷായുടെ മുമ്പില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്
X

മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയില്‍ തുറന്നടിച്ച് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് പുരസ്‌കാരദാന ചടങ്ങിലാണ് രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

'തങ്ങള്‍ ഭയത്തിലാണ്, അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും തങ്ങളുടെ മനസ്സിലുണ്ട്. വ്യവസായ മേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ആരും ഇതിനെതിരേ സംസാരിക്കില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് വിശ്വാസമില്ല. താന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ട്. എല്ലാവര്‍ക്കുമായി സംസാരിക്കാന്‍ തനിക്കാവില്ല. പക്ഷേ തനിക്ക് പറയാതിരിക്കാനാവില്ല' -വന്‍ കരഘോഷങ്ങള്‍ക്കിടെ രാഹുല്‍ ബജാജ് പറഞ്ഞു.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായികളും അമിത് ഷായെ കൂടാതെ നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും വേദിയിലിരിക്കെയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

അതേസമയം, അത്തരമൊരു അന്തരീക്ഷം ഉണ്ടെങ്കില്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചടങ്ങില്‍ അമിത് ഷാ തുറന്ന് സമ്മതിച്ചു. അതേസമയം, ആരും ഭയപ്പെടേണ്ട ആവശ്യമില്ലെങ്കിലും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കില്‍, അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it