Sub Lead

ഇതെന്റെ സക്കാത്ത്; ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരി ഖാന്‍

ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നണ് പ്യാരെ ഖാന്‍ അറിയിച്ചിട്ടുള്ളത്.

ഇതെന്റെ സക്കാത്ത്; ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരി ഖാന്‍
X

നാഗ്പൂര്‍: കൊവിഡ് വ്യാപനം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ കാരുണ്യത്തിന്റെ ഉജ്ജ്വല മാതൃക തീര്‍ത്ത് പ്യാരേ ഖാന്‍ എന്ന മഹാരാഷ്ട്ര വ്യവസായി. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കര്‍ ലോറികളിലാണ്. ഈ ഇനത്തില്‍ 85 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. ഇത് കൊടുക്കാന്‍ അധികൃതര്‍ തയാറായപ്പോള്‍ പണം വേണ്ടെന്നും അത് തന്റെ റമസാന്‍ സക്കാത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നണ് പ്യാരെ ഖാന്‍ അറിയിച്ചിട്ടുള്ളത്.

വിശുദ്ധ റംസാന്‍ മാസത്തില്‍ ഇത് ചെയ്യുകയെന്നത് തന്റെ കടമയാണെന്നും സക്കാത്തായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്നും പ്യാരെ ഖാന്‍ പറയുന്നു. മാനവികതയ്ക്കുള്ള തന്റെ സേവനമായി ഇതിനെ കണക്കാക്കണം. ഇതൊരു പ്രതിസന്ധി ഘട്ടമാണ് എല്ലാ സമുദായത്തിലുള്ളവര്‍ക്കും ജീവവായു എത്തിക്കുകയെന്നത് ഒരു സേവനം കൂടിയാണ്- പ്യാരെ ഖാന്‍ പറയുന്നു. ആവശ്യം വരികയാണെങ്കില്‍ ബ്രസല്‍സില്‍ നിന്ന് എയര്‍ലിഫ്റ്റിലൂടെ ടാങ്കറുകള്‍ എത്തിക്കാമെന്നും അതിന് ശ്രമിക്കാമെന്നും പ്യാരെ ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

1995ല്‍ നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് പുറത്ത് ഓറഞ്ച് വില്‍പ്പനക്കാരനായിട്ടായിരുന്നു പ്യാരെ ഖാന്റെ തുടക്കം. താജ്ബാഗിലെ ചേരിയില്‍ താമസിച്ചിരുന്ന പലചരക്ക് വ്യാപാരിയുടെ മകനായിരുന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടി മൂലധനം വരുന്ന കമ്പനികളുടെ ഉടമയാണ്.

സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുമ്പോള്‍ തന്റെ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ എത്തിച്ച് നല്‍കാനുള്ള നീക്കങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഓഫിസുകളുള്ള, ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുള്ള പ്യാരെ ഖാന് ബെംഗളൂരുവില്‍ നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ അടിയന്തിരമായി വാടകയ്ക്ക് എടുക്കാന്‍ മൂന്ന് മടങ്ങ് കൂടുതല്‍ തുകയാണ് നല്‍കേണ്ടി വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ അദ്ദേഹത്തിന് ഇത് ആവശ്യമായിരുന്നു.

ഓക്‌സിജന്‍ ലഭ്യത കുറവിനെ തുടര്‍ന്ന് നാഗ്പൂരില്‍ ആളുകള്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന ഘട്ടത്തിലായിരുന്നു ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ പ്യാരെ ഖാന്‍ ഇറങ്ങിത്തിരിച്ചത്. ഓക്‌സിജന്‍ ടാങ്കറുകള്‍ ലഭിക്കാന്‍ ഇരട്ടി വില പറഞ്ഞപ്പോഴും വില പേശാന്‍ അദ്ദേഹം തയ്യാറായില്ല. ഓരോ യാത്രയ്ക്കും 14 ലക്ഷത്തിലധികം രൂപ നല്‍കിയാണ് അദ്ദേഹം ഓക്‌സിജന്‍ ടാങ്കറുകള്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചത്.

ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വേണ്ടി മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്റെ വിതരണവും ഗതാഗതവും ഇന്ന് നാഗ്പൂരില്‍ കൈകാര്യം ചെയ്യുന്നത് പ്യാരെ ഖാന്റെ നേതൃത്വത്തിലാണ്. വിവിധ ആശുപത്രികളില്‍ അഞ്ഞൂറിലധികം സിലിണ്ടറുകള്‍ ഞങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. 360 സിലിണ്ടറുകള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വഴി ലഭ്യമാക്കിയിട്ടുണ്ട്. ടാങ്കറുകള്‍ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പ്യാരെ ഖാന്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ടാങ്കറുകള്‍ എത്തിച്ച് റായ്പൂര്‍, റൂര്‍ക്കേല, ഭിലായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓക്‌സിജന്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും പ്യാരെ ഖാന്‍ പറഞ്ഞു.

ഇതിനിടെ, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ മൂന്നര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 2812 പേരുടെ ജീവന്‍ നഷ്ടമായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി ഉയര്‍ന്നു. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ വീണ്ടും ഓക്‌സിജന്‍ ക്ഷാമമുണ്ടായി.

Next Story

RELATED STORIES

Share it