Sub Lead

പഞ്ചാബിലെ ദയനീയ പരാജയം; ഛന്നിക്കെതിരേ ആഞ്ഞടിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍

പഞ്ചാബിലെ ദയനീയ പരാജയം; ഛന്നിക്കെതിരേ ആഞ്ഞടിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍
X

അമൃത്‌സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നിയെയും മറ്റ് നേതാക്കളെയും കുറ്റപ്പെടുത്തി പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയും ചരണ്‍ജിത് സിങ് ഛന്നി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് ചൗധരിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചത്.

പരാജയപ്പെട്ട സ്ഥാനാര്‍ഥികളെ കണ്ട ചൗധരി, പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനാണ് യോഗം വിളിച്ചതെന്ന് പറഞ്ഞു. ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു എന്നിവരും പഞ്ചാബ് കോണ്‍ഗ്രസ് ഓഫിസില്‍ സന്നിഹിതരായിരുന്നു. എന്നാല്‍, ഇരുവരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണെന്ന് ഗിദ്ദര്‍ബഹ സീറ്റില്‍ നിന്ന് വിജയിച്ച അമരീന്ദര്‍ സിങ് രാജ വാറിങ് ആരോപിച്ചു.

അച്ചടക്കമില്ലായ്മ ഉണ്ടാക്കിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരണ്‍ജിത് സിങ് ഛന്നിയുടെയും സുനില്‍ ജാഖറിന്റെയും പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്ന് ബാഗ പുരാണത്തില്‍ നിന്ന് പരാജയപ്പെട്ട ദര്‍ശന്‍ ബ്രാര്‍ കുറ്റപ്പെടുത്തി. 42 എംഎല്‍എമാര്‍ താന്‍ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ട ജാഖറിന്റെ പ്രസ്താവനയില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഛന്നിയുടെ 'യുപി ദേ ഭായി' എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായിരുന്നുവെന്ന് ബ്രാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഛന്നിയാണെന്നായിരുന്നു ബസ്സി പത്താന അസംബ്ലി സീറ്റില്‍ നിന്ന് പരാജയപ്പെട്ട ഗുര്‍പ്രീത് സിങ്ങിന്റെയും കുറ്റപ്പെടുത്തല്‍. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സിദ്ദുവിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ കുറഞ്ഞത് 50 സീറ്റെങ്കിലും ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരന്‍ പോലും ഛന്നിയെ കേള്‍ക്കാത്ത സാഹചര്യത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ എങ്ങനെ അദ്ദേഹത്തെ കേള്‍ക്കുമെന്ന് ഗുര്‍പ്രീത് സിങ് ചോദിച്ചു.

ഛന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ്, ഗുര്‍പ്രീത് സിങ്ങിനെതിരേ ബസ്സി പത്താനയില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഛന്നിയുടെ അനന്തരവനില്‍ നിന്ന് കോടികളുടെ അഴിമതി പണം പിടിച്ചെടുത്തു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നുവെന്നും ഗുര്‍പ്രീത് വ്യക്തമാക്കി.

ആടിനെ കറക്കുന്നതോ ആണോ മുഖ്യമന്ത്രിയുടെ ജോലി. പകരം ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ മെച്ചപ്പെടുത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഛന്നി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിരുന്നു- ഗുര്‍പ്രീത് സിങ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെക്കാള്‍ സമ്പന്നനാണ് ഛന്നിയെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ആരോപിച്ചു. 'ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണങ്ങള്‍ ഉടന്‍ പുറത്തുവരും.

പാര്‍ട്ടി നേതൃത്വം ദുര്‍ബലമായെന്നോ ഞങ്ങള്‍ പരാജയപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല- ലുധിയാന വെസ്റ്റില്‍ നിന്ന് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സ്ഥാനമൊഴിയുന്ന മന്ത്രിയുമായ ഭരത് ഭൂഷണ്‍ ആഷു പറഞ്ഞു. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും പരാജയത്തില്‍ ഛന്നിയെ ആക്രമിച്ചിരുന്നു. 'അത്യാഗ്രഹം പാര്‍ട്ടിയെ താഴെയിറക്കിയതിന്റെ' ബാധ്യത ഛന്നിക്കാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Next Story

RELATED STORIES

Share it