Sub Lead

സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍: ശക്തമായ നിയമനിര്‍മാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍: ശക്തമായ നിയമനിര്‍മാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉള്‍പ്പെടെ അനുവദിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമായ നിയമനിര്‍മാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്. കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും മറ്റേത് മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തേണ്ടത് തന്നെയാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോടൊപ്പം അതിന്റെ നീതി പൂര്‍വകമായ ലഭ്യതയാണ് വളരെ പ്രധാനം. സമൂഹത്തിലെ പിന്നാക്ക പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സാമൂഹികനീതി ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് നിലവില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന സ്വകാര്യ, എയ്ഡഡ് മേഖലയിലെല്ലാം സംവരണങ്ങള്‍ പാലിക്കാതെ സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്നവരുടെ മാത്രം ഇടങ്ങളായി ചുരുങ്ങുന്ന അനീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പുറംതള്ളപ്പെടുന്ന സാമൂഹി ജനവിഭാഗങ്ങളെ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെടുകയും, സംവരണമുള്‍പ്പടെ കാറ്റില്‍പറത്തി വലിയ അളവില്‍ നടക്കുന്ന സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്കിടയിലും ആശ്വാസവും നീതി പൂര്‍വകവുമാവേണ്ട പൊതു മേഖല സ്ഥാപനങ്ങളും സംവരണ അട്ടിമറികളുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും ഗുണ നിലവാരം കുറഞ്ഞ കേന്ദ്രങ്ങളായി മാറുന്നതുമാണ് കണ്ടു കൊണ്ടിരിക്കുന്നത്. അഡ്മിഷന്‍ പ്രോസസ്, ഫീസ്, സ്‌കോളര്‍ഷിപ്പ്, സിലബസ് തുടങ്ങിയവയില്‍ ശക്തമായ നിയമ നിര്‍മാണവും സംവരണവും നടപ്പാക്കിയതിനും ശേഷം മാത്രമാണ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള സര്‍വകലാശാലകള്‍ അനുവദിക്കേണ്ടത്. സ്വകാര്യ വിദേശ സര്‍വകലാശാലകളെന്ന സംവിധാനത്തെ കച്ചവട തന്ത്രമായും അനീതി നിറഞ്ഞ ഇടങ്ങളായും നടപ്പാക്കാന്‍ അനുവദിക്കാതെ ഫീസ് സ്ട്രക്ചര്‍, അഡ്മിഷന്‍ പ്രോസസ്, അഡ്മിനിസ്‌ട്രേറ്റീവ് സ്ട്രക്ചര്‍, സിലബസ്, സംവരണ വ്യവസ്ഥ തുടങ്ങിയ ഓരോ പ്രക്രിയയിലും ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്‌റിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ആദില്‍ അബ്ദുര്‍റഹീം, അര്‍ച്ചനാ പ്രജിത്ത്, കെ പി തഷ്‌രീഫ്, ലബീബ് കായക്കൊടി, സനല്‍കുമാര്‍, ഗോപു തോന്നക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it