Sub Lead

പ്രതിഷേധങ്ങള്‍ക്കിടെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദ്വീപുകളില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ആളുകള്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചും കൊടികള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധിക്കുന്നത്.

പ്രതിഷേധങ്ങള്‍ക്കിടെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
X

കവരത്തി: ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തി. ഇന്ന് ഉച്ചയ്ക്കുശേഷം കവരത്തിയിലെത്തിയ പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പട്ടേല്‍ ദ്വീപിലെത്തിയത്. അതേസമയം, അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദ്വീപുകളില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ആളുകള്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചും കൊടികള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളിലും മറ്റും കരിങ്കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ കൊടികള്‍ മാറ്റണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കരിങ്കൊടി ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കോര്‍ കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപോര്‍ട്ടുണ്ട്. ഇന്ന് ലക്ഷദ്വീപിലെ അഗത്തിയിലെത്തി ഉദ്യോഗസ്ഥരെ കണ്ടു. വികസനപ്രവര്‍ത്തനങ്ങളുടെ വേഗതയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് പ്രഫുല്‍ പട്ടേല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നാണ് റിപോര്‍ട്ടുകള്‍. അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷം പട്ടേല്‍ നടത്തുന്ന മൂന്നാമത്തെ ദ്വീപ് സന്ദര്‍ശനമാണിത്.

എന്നാല്‍, ആദ്യത്തെ രണ്ട് സന്ദര്‍ശനങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കിയാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. രാവിലെ കൊച്ചിയിലെത്തിയശേഷം ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഷെഡ്യൂള്‍ പിന്നീട് മാറ്റി. അഡ്മിനിസ്‌ട്രേറ്റര്‍ നെടുമ്പാശേരിയിലെത്തുന്നുവെന്നറിഞ്ഞു എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ കാണുകയായിരുന്നു ലക്ഷ്യമെങ്കിലും നടന്നില്ല.

സിനിമാ പ്രവര്‍ത്തകയായ ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതു ദ്വീപില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരേ ബിജെപി ലക്ഷദ്വീപ് ഘടകത്തിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. കവരത്തിയില്‍ മാത്രമാവും അഡ്മിനിസ്‌ട്രേറ്റര്‍ തങ്ങുക. 20ന് തിരിച്ചുപോവും. ഗുജറാത്തുകാരനായ പ്രഫുല്‍ പട്ടേലിനു അധികചുമതലയായി ലഭിച്ചതാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി. ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള സന്ദര്‍ശനാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലോക്‌സഭാ സെക്രട്ടറി ജനറലിനു നോട്ടീസ് നല്‍കിയിരിക്കുകയാണ് കേരളത്തില്‍നിന്നുള്ള എംപിമാര്‍.

Next Story

RELATED STORIES

Share it