Sub Lead

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക; പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക; പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ
X

കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്. മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ണമായും അടിയന്തരമായി നടപ്പിലാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

മാര്‍ച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹിമാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ റഷീദ്, ലത്തീന്‍ കത്തോലിക്ക ഐക്യവേദി പ്രസിഡന്റ് അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ ശുക്കൂര്‍ മൗലവി അല്‍ഖാസിമി, സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര, ഖത്തീബ് & ഖാളി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍കളെ തുടര്‍ന്ന് 2011 മുതല്‍ കേരളത്തില്‍ നടപ്പാക്കി വന്നിരുന്ന മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തിലും നിലച്ചിരിക്കുന്നത്.

പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട പദ്ധതിയില്‍ ഇതര വിഭാഗത്തെ ഉള്‍പ്പെടുത്തിയതിലൂടെയാണ് ഈ പദ്ധതി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്ഷേമപദ്ധതികള്‍ക്ക് ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമായ നിയമനിര്‍മ്മാണം നടത്തണം.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പത്തിന നിര്‍ദേശങ്ങളാണ് പാലോളി കമ്മറ്റി മുന്നോട്ടുവച്ചത്. ഈ നിര്‍ദേശങ്ങള്‍ ഇനിയും സംസ്ഥാനത്ത് നടപ്പിലായിട്ടില്ല. സച്ചാര്‍ പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം. 2016 ലും 2021 ലും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പാലോളി കമ്മറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം.

ഇതര സമുദായങ്ങള്‍ക്ക് നല്‍കിവരുന്ന പരിഗണന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, തൊഴില്‍ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് തന്നെ ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. ഇതോടൊപ്പം മുസ്‌ലിം വിഭാഗത്തെ അരികുവല്‍ക്കരിച്ച് ഒറ്റപ്പെടുത്തി വേട്ടയാടാനും ശ്രമവും നടക്കുന്നു. മുസ്‌ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it