Sub Lead

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: അഫ്‌സല്‍ ഖാസിമി

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: അഫ്‌സല്‍ ഖാസിമി
X

പാലക്കാട്: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട് മുസ്‌ലിം ഉന്‍മൂലനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി കൊല്ലം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുതുനഗരം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'അസം മുസ്‌ലിം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു, വംശവെറിയന്‍മാരെ കരുതിയിരിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വിശദീകരണ പൊതുയോഗം പുതുനഗരം ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് പോലിസ് വെടിവെച്ചത്. പോലിസിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്

പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. ഇപ്പോഴും കുടിയൊഴിപ്പിക്കല്‍ തുടരുകയാണ്. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. വെടിയേറ്റു വീണയാളെ പോലിസും ഫോട്ടോഗ്രാഫറും വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഹിന്ദുത്വ ഭരണകൂടം വളര്‍ത്തുന്ന മുസ്ലിം വിദ്വേഷത്തിന്റെ പ്രകടമായ തെളിവാണ്. അഫ്‌സല്‍ ഖാസിമി പറഞ്ഞു.

വിശദീകരണ പൊതുയോഗത്തില്‍ പോപുലര്‍ഫ്രണ്ട് പുതുനഗരം ഡിവിഷന്‍ പ്രസിഡന്റ് ബാവ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി നൂര്‍മുഹമ്മദ്, ഏരിയ പ്രസിഡന്റ് റഷീദ് പുതുനഗരം തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it