Sub Lead

ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും ജയില്‍മോചിതരായി, ആലപ്പുഴയില്‍ വമ്പിച്ച സ്വീകരണം

ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും ജയില്‍മോചിതരായി, ആലപ്പുഴയില്‍ വമ്പിച്ച സ്വീകരണം
X

ആലപ്പുഴ: ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അന്യായമായി തടവിലാക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളും പ്രവര്‍ത്തകരും ജയില്‍മോചിതരായി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി കെ എച്ച് നാസര്‍, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹ്‌യ കോയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 31 പേര്‍ക്ക് ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ് മാന്‍, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ലത്തീഫ്, എസ് നിസാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് ആലപ്പുഴയിലെ സക്കറിയ ബസാറില്‍ ജയില്‍മോചിതരായവര്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി. നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും സക്കറിയ ബസാറിലെത്തിച്ചേര്‍ന്നത്.


ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ലോകത്ത് ഒരു ശക്തിയുടെയും ഗൂഢാലോചനയും പുലരില്ലെന്ന് ജയില്‍മോചിതരായവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയെ അഭിവാദ്യം ചെയ്തുകൊണ്ട് പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. യാതൊരു കുറ്റവും ചെയ്യാതെ, കുറ്റകൃത്യം തുറന്നുകാട്ടിയതിന്റെ പേരില്‍, കുറ്റവാളികള്‍ക്കെതിരേ ശബ്ദിച്ചതിന്റെ പേരിലാണ് ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. കോടതിയില്‍ ഹാജരാക്കപ്പെട്ട കുറ്റപത്രത്തിന്റെ പേരിലല്ല ഇവര്‍ അറസ്റ്റുചെയ്യപ്പെട്ടതെന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്.


ആലപ്പുഴയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ ആര്‍എസ്എസ്സിനെയും മുദ്രാവാക്യത്തിന്റെ അന്തസ്സത്തയെയും കട്ടുചെയ്തു. പോപുലര്‍ ഫ്രണ്ട് അച്ചടിച്ച് വിതരണം ചെയ്ത ലിസ്റ്റിലില്ലാത്ത മുദ്രാവാക്യമാണെന്ന സത്യവും തമസ്‌കരിച്ചു. കള്ളവാര്‍ത്തകള്‍ ചമച്ച് കള്ളക്കേസുണ്ടാക്കി. ആലപ്പുഴയുടെ പഴയ ചരിത്രമല്ല, ആലപ്പുഴയുടെ പുതിയ വര്‍ത്തമാനവും വരാനിരിക്കുന്ന ചരിത്രവും പോപുലര്‍ ഫ്രണ്ട് രചിക്കുകയാണ്. ജനസാഗരം ഉയര്‍ത്തിയ മുദ്രാവാക്യം അഭിമുഖീകരിക്കാനുള്ള നട്ടെല്ലില്ലായ്മയും മുദ്രവാക്യങ്ങളില്‍ ചിലര്‍ക്ക് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന സൗകര്യവും അജണ്ടകളുമാണ് ഈയൊരു അവസ്ഥയിലെത്തിച്ചത്. രാജ്യത്ത് പുതിയ ജയിലുകള്‍ തീര്‍ക്കുകയാണ്. രാജ്യം തന്നെ ജയിലായി മാറിക്കൊണ്ടിരിക്കുന്നു.


ജയില്‍ ഏറ്റുവാങ്ങാന്‍ തീര്‍ച്ചപ്പെടുത്തിയാണ് സത്യത്തിനും നീതിക്കും വേണ്ടി തങ്ങള്‍ ശബ്ദിക്കുന്നത്. ജയിലുകള്‍ പോപുലര്‍ ഫ്രണ്ടുകാര്‍ക്ക് മാത്രം റിസര്‍വ് ചെയ്യപ്പെട്ടതല്ല. എതിരഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കെതിരേ പ്രത്യേകിച്ച് മുസ്‌ലിം, മതന്യൂനപക്ഷങ്ങളെയാണ് ജയിലില്‍ അടയ്ക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ഭരണം അമിത് ഷായ്ക്ക് ആര്‍എസ്എസ്സിന് വിട്ടുകൊടുക്കുന്ന നിങ്ങളുടെ കപട രാഷ്ട്രീയം തിരിച്ചറിയുന്ന പുതിയ വിപ്ലവത്തിന് വേണ്ടി കേരളം ഗര്‍ഭം ധരിച്ചുകൊണ്ടിരിക്കുന്നു. ആ വിപ്ലവത്തിന്റെ മഹാഗര്‍ജനമാണ് ആലപ്പുഴയില്‍ കണ്ടത്. അത് തമസ്‌കരിക്കാന്‍ ഈ അല്‍പ്പത്തരംകൊണ്ട് സാധ്യമില്ല.


ആലപ്പുഴയിലെ ജനങ്ങള്‍ക്കെതിരായ വെല്ലുവിളിയായിരുന്നു അറസ്റ്റെന്നും എല്ലാ അക്രമികള്‍ക്കും വരാവിരിക്കുന്നത് നിന്ദയും പരാജയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലറകൊണ്ടും ആരുടെയെങ്കിലും തിട്ടൂരത്തിനോ കൊലക്കയറിനോ ഈ പോരാട്ടത്തെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അവസാന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുവോളം പ്രതിരോധം തുടരുക തന്നെ ചെയ്യും. ഇറങ്ങിപ്പുറപ്പെട്ട സംഘത്തെ തുകില്‍കൊട്ടി പേടിപ്പിക്കാന്‍ തുനിയേണ്ട. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നെറുകേടുകള്‍ക്കെതിരേ ശബ്ദിക്കുന്നവരെ കൊന്നും ജയിലിലിട്ടും സംഘപരിവാറും ആര്‍ത്ത് തിമിര്‍ത്ത് ആടുകയാണ്. വരും നാളുകള്‍ തുറന്ന ജയിലിലും അടഞ്ഞ ജയിലിലും പോവാനുള്ള ഒരുക്കങ്ങളുടെ ഭാഗമാണിത്.


ആലപ്പുഴയുടെ ചരിത്രത്തിലെ നിര്‍ണായക ഘട്ടംകൂടി കടന്നുപോയിരിക്കുന്നു. എല്ലാവരുടെയും അടിത്തറ ഇളക്കിക്കൊണ്ട് സമ്മേളനം അരങ്ങേറിയപ്പോള്‍ തങ്ങളുടെ കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോവുമെന്ന് ബോധ്യപ്പെട്ട മുഴുവന്‍ ശക്തിയും സംഘപരിവാറും ഇടത് ലിബറര്‍ കക്ഷികളും അന്ധാളിച്ചുനിന്നപ്പോഴാണ് കച്ചിത്തുരുമ്പായി മുദ്രാവാക്യത്തെ പിടിച്ചുള്ള വേട്ടയുണ്ടായത്. യഥാര്‍ഥ പ്രശ്‌നം മുദ്രാവാക്യമല്ല. പോപുലര്‍ ഫ്രണ്ട് ജനങ്ങളുടെ മനസ്സിലേക്ക് കയറുന്നതിനുള്ള അസ്വസ്ഥത കിട്ടുന്ന അവസരത്തില്‍ ഉപയോഗിച്ചുവെന്നതാണ്.


ഏകാധിപതികളായ ഭരണാധികാരികളുടെ അധികാരത്തിന് വെല്ലുവിളി നേരിടുമ്പോള്‍ അതിര്‍ത്തിയില്‍ ശത്രുരാജ്യവുമായി ഏറ്റുമുട്ടല്‍ തുടങ്ങുമെന്നതാണ് ചരിത്രം. സമാനമായി ആര്‍എസ്എസ്സുമായുള്ള നടത്തിയ രഹസ്യബാന്ധവം പുറത്തുവന്നപ്പോള്‍, ഏകാധിപതിയായ മുഖ്യമന്ത്രിയുടെ പൊയ്മുഖം പിച്ചിച്ചീന്തിയപ്പോള്‍, അധികാരത്തിന് കോട്ടംതട്ടിയപ്പോള്‍ പോപുലര്‍ ഫ്രണ്ടിന് നേരേ തിരിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോപുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നു പറഞ്ഞ് പോലിസ് ചുമത്തിയ കേസിലാണ് 43 ദിവസത്തെ ജയില്‍വാസത്തിനുശേഷം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുട്ടിയുടെ പിതാവിനെയും ജയിലിടച്ചിരുന്നു. ആര്‍എസ്എസിനെതിരേ മുഴക്കിയ മുദ്രാവാക്യത്തെ വളച്ചൊടിച്ച് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ എന്ന് പ്രചരിപ്പിച്ചാണ് വിവാദമാക്കിയത്.

Next Story

RELATED STORIES

Share it