Sub Lead

പോപുലര്‍ ഫ്രണ്ട് വേട്ട; ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും വരുതിയിലാക്കാം എന്ന ഭരണകൂട ധാര്‍ഷ്ട്യത്തിന്റെ പ്രകടനം: എന്‍ സുബ്രഹ്മണ്യന്‍

തങ്ങള്‍ക്ക് വഴങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തു കൊണ്ട് നിഷ്‌ക്രിയര്‍ ആക്കാനുള്ള ഒരു പ്രവണത അടുത്ത കാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്.

പോപുലര്‍ ഫ്രണ്ട് വേട്ട; ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും വരുതിയിലാക്കാം എന്ന ഭരണകൂട ധാര്‍ഷ്ട്യത്തിന്റെ പ്രകടനം: എന്‍ സുബ്രഹ്മണ്യന്‍
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന എന്‍ഐഎ, ഇഡി റെയ്ഡ് ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും വരുതിയിലാക്കാം എന്ന ഭരണകൂട ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ എന്‍ സുബ്രഹ്മണ്യന്‍.

തങ്ങള്‍ക്ക് വഴങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തു കൊണ്ട് നിഷ്‌ക്രിയര്‍ ആക്കാനുള്ള ഒരു പ്രവണത അടുത്ത കാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ നിരവധി നേതാക്കളെ അഴിമതി ആരോപിച്ച് ജയിലില്‍ അടച്ച സംഭവങ്ങള്‍ നമുക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിരുപാധികമായി ഉയര്‍ത്തിപ്പിടിക്കാനും രാഷ്ട്രീയമായി അവരെ പ്രതിനിധാനം ചെയ്യാനും കഴിയും വിധമുള്ള ശക്തമായ ഒരു സെക്കുലര്‍ രാഷ്ട്രീയം ഇന്ത്യയില്‍ ഇനിയും വികസിച്ചു വന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി സ്വയം പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ ഇപ്പോഴും പ്രസക്തമാണ്. ന്യൂനപക്ഷങ്ങളുടെ ഏതു സംഘാടനത്തെയും വര്‍ഗീയമായി വിലയിരുത്തുകയും ഹിന്ദുത്വ വര്‍ഗീയതയുടെ വളര്‍ച്ചക്കുള്ള കാരണമായി അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു രീതി പൊതുവില്‍ സെക്യുലര്‍ ശക്തികളുടെ ഇടയില്‍ പോലുമുണ്ട്.

മതത്തിന്റെ സാമൂഹ്യ സാന്നിധ്യം ദീര്‍ഘ സ്ഥായിയായ നിലനില്‍പ്പുള്ള ഒന്നാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശനിഷേധങ്ങളും ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയില്‍ പ്രത്യേകിച്ചും മുസ്‌ലിം ജനവിഭാഗങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കഠിനമായ വിദ്വേഷ പ്രചാരണത്തിനും അടിച്ചമര്‍ത്തലിനും ഇരകളും ആണ്. അതുകൊണ്ടുതന്നെ അതിനെ ചെറുക്കാനും അതിനെതിരെ പ്രചരണം നടത്താനും സ്വയം പ്രതിനിധീകരിക്കാനും രാഷ്ട്രീയ സംഘടനകള്‍ ഉണ്ടാക്കാനും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് അവകാശമുണ്ട്.

രാജ്യദ്രോഹം, രാജ്യത്തിനെതിരായ ചാര പ്രവര്‍ത്തനം എന്നിവ നടത്തിയതിന് ഹിന്ദുമതത്തില്‍ തന്നെ പെട്ട നിരവധി ആളുകള്‍ പിടിക്കപ്പെട്ട ഒരു നാടാണ് ഇന്ത്യ. രാജ്യത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക്കിസ്താന് ചോര്‍ത്തി കൊടുത്തതിന്റെ പേരില്‍ ഹിന്ദുമതത്തില്‍ പെട്ട എത്രയോ ഉന്നത ഉദ്യോഗസ്ഥര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മതപരമായ അടിസ്ഥാനങ്ങള്‍ ഒന്നും ഇല്ല.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയുള്ള സമ്പത്ത് കൈക്കല്‍ ആക്കലിന്റെയും ചരിത്രം എടുത്തു പരിശോധിച്ചാല്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും ഒന്നും തന്നെ അതില്‍ മേന്മ അവകാശപ്പെടാന്‍ പറ്റുന്നവരല്ല. നിയമവിധേയമായ മാര്‍ഗങ്ങളും ചട്ടങ്ങളും അനുസരിച്ച് ഏതെങ്കിലും സംഘടനകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നതോ അവര്‍ ചെയ്യുന്ന തെറ്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതോ തെറ്റാണെന്ന് ആരും പറയുകയില്ല.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക എന്ന ലക്ഷ്യവും ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യവുമാണ് കേന്ദ്രത്തിന്റെ ഈ നടപടിയിലൂടെ വെളിപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമമടക്കം നടപ്പിലാക്കാനുള്ള അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ റെയ്ഡിന്റെ പിന്നില്‍ കേന്ദ്ര ഗവണ്‍മെന്റിനെ നയിക്കുന്ന ചേതോവികാരം. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിയമവിരുദ്ധമായി അടിച്ചമര്‍ത്തുന്ന കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിനെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it