Sub Lead

രാഹുലിന്റെ സ്വപ്‌നം സഫലമാവും; കുട്ടി പോലിസിന് വീടൊരുക്കാന്‍ ഭൂമി നല്‍കി എഎസ്‌ഐ ഹാരിസ്

പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് തല ചായ്ക്കാന്‍ ഇടമൊരുക്കാന്‍ ഭരണിക്കാവില്‍ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അഞ്ച് സെന്റ് പകുത്ത് നല്‍കാമെന്ന് മേലധികാരികളെ അറിയിച്ച് എഎസ്‌ഐ ഹാരിസ് മുന്നോട്ട് വന്നത്.

രാഹുലിന്റെ സ്വപ്‌നം സഫലമാവും;  കുട്ടി പോലിസിന് വീടൊരുക്കാന്‍ ഭൂമി നല്‍കി എഎസ്‌ഐ ഹാരിസ്
X

കായംകുളം: തലചായ്ക്കാന്‍ ഇടമില്ലാത്ത കുട്ടി പോലിസിന് വീടൊരുക്കാന്‍ ഭൂമി പകുത്ത് നല്‍കി എഎസ്‌ഐ മാതൃകയായി. കായംകുളം പോലിസ് സ്‌റ്റേഷനിലെ ജനമൈത്രി ചുമതലയുള്ള എഎസ്‌ഐ ഹാരിസാണ് പോലിസ് സേനക്ക് തന്നെ അഭിമാനമായിമാറിയത്.

കായംകുളം ഗവണ്‍മെന്റെ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും സ്റ്റുഡന്റ് പോലിസ് കേഡറ്റുമായ രാഹുല്‍, അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന തന്റെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാനാവശ്യമായ ഭൂമി ലഭ്യമാക്കി സഹായിക്കണമെന്നാവശ്യപ്പെട് ജില്ലാ പോലിസ് മേധാവിയെ സമീപിച്ചു. തുടര്‍ന്ന് രാഹുലിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ആലപുഴ ജില്ലാ പോലിസ് മേധാവി പി എസ്‌സാബു കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയെ ചുമതലപ്പെടുത്തി. ഭൂമി കണ്ടെത്തുന്നത് സംബന്ധിച്ച് പോലിസില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് തല ചായ്ക്കാന്‍ ഇടമൊരുക്കാന്‍ ഭരണിക്കാവില്‍ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അഞ്ച് സെന്റ് പകുത്ത് നല്‍കാമെന്ന് മേലധികാരികളെ അറിയിച്ച് എഎസ്‌ഐ ഹാരിസ് മുന്നോട്ട് വന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 29 ന് വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ ഭൂമി രാഹുലിന് കൈയ്മാറും . പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍, യു പ്രതിഭ എംഎല്‍എ ജില്ലാ പോലിസ് മേധാവി പി എസ് സാബു തുടങ്ങിയവര്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it