Sub Lead

ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്; നാല് സംസ്ഥാനങ്ങളിലായി 20 പേര്‍ അറസ്റ്റില്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്; നാല് സംസ്ഥാനങ്ങളിലായി 20 പേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ ആയിരത്തിലധികം ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ 20 പേര്‍ അറസ്റ്റിലായി. നാല് സംസ്ഥാനങ്ങളില്‍ നിന്നായാണ് ഇവരെ പിടികൂടിയത്. ബിഹാറില്‍ നിന്നും 11 പേര്‍, തെലങ്കാനയില്‍ നിന്നും നാല് പേര്‍, ജാര്‍ഖണ്ഡില്‍ നിന്നും മൂന്നുപേര്‍, കര്‍ണാടകയില്‍ നിന്നും രണ്ടുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ടി വി വെങ്കിടാചല (35), എസ് പി നാഗേഷ് (31), സുശാന്ത് കുമാര്‍ (22), രാജേഷ് കുമാര്‍ (29), അമന്‍കുമാര്‍ (25), അനീഷ് (26), ബിട്ടു (27), സന്നി (22), നവ്‌ലേഷ് കുമാര്‍ (22), ആദിത്യ (22), വിവേക് കുമാര്‍ (25), മുരാരി കുമാര്‍ (38), അജയ് കുമാര്‍ (19), അബിനാഷ് കുമാര്‍ (22), പ്രിന്‍സ് കുമാര്‍ ഗുപ്ത (37), വാദിത്യ ചിന്ന (22), ആനന്ദ് കുമാര്‍ (21), കത്രവത്ത് ശിവകുമാര്‍ (22), കത്രവത്ത് രമേശ് (19), ജി ശ്രീനു (21) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ ആളുകളുമായി അടുത്ത പ്രതികള്‍ ഇവരോട് രജിസ്‌ട്രേഷനായി ആദ്യം 499 രൂപ ഓണ്‍ലൈനായി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് വാഹന ഇന്‍ഷുറന്‍സിനും മറ്റുമായി കൂടുതല്‍ പണം അടയ്ക്കാനും തട്ടിപ്പുകാര്‍ നിര്‍ദേശിച്ചു. ആളുകളില്‍ നിന്നും പണം കൈപ്പറ്റിയ ഇവര്‍ വാഹനം ലഭിക്കാന്‍ കാലതാമസ്സമുണ്ടെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയായിരുന്നു. ഏകദേശം അഞ്ചുകോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. ഒല വാഹനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂവെങ്കിലും ഉപഭോക്താക്കള്‍ക്കായി സ്‌കൂട്ടറുകള്‍ ഓഫ്‌ലൈനായി ബുക്ക് ചെയ്യാമെന്ന് പ്രതികള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

വെബ്‌സൈറ്റ്, ഗ്രാഫിക്, സെര്‍വര്‍ ഡിസൈനര്‍മാര്‍, രാജ്യത്തുടനീളമുള്ള വിവിധ കോള്‍ സെന്ററുകളിലെ ടെലികോളര്‍മാര്‍ എന്നിവരടങ്ങിയ തട്ടിപ്പുസംഘമാണ് പിടിയിലായത്. തട്ടിപ്പിനിരയായി 30,998 രൂപ നഷ്ടപ്പെട്ട ഗോപാല്‍ സിങ് എന്നയാള്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തായത്. സംഘം വാഗ്ദാനം ചെയ്ത സ്‌കൂട്ടര്‍ ഒലയുടെ വെബ്‌സൈറ്റില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ രജിസ്‌ട്രേഷന്‍ ചാര്‍ജും ഡൗണ്‍പേയ്‌മെന്റും വീണ്ടും അടയ്ക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഡെലിവറി ചാര്‍ജുകളും. ഒലയുടെ ഡെലിവറി സൗജന്യമായതിനാല്‍ സംശയം തോന്നി ഒലയുടെ എക്‌സിക്യൂട്ടീവുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.

പ്രതികളില്‍ ഒരാളെ ബംഗളൂരുവില്‍ വച്ചാണ് പോലിസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബാക്കിയുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കര്‍ണാടക, ബിഹാര്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് വ്യക്തമായതായി ഡിസിപി (ഔട്ടര്‍ നോര്‍ത്ത്) ദേവേഷ് കുമാര്‍ മഹ്‌ല പറഞ്ഞു. വ്യാജ വെബ്‌സൈറ്റിന്റെ അറ്റകുറ്റപ്പണികള്‍, ഗ്രാഫിക്‌സ് രൂപകല്‍പ്പന ചെയ്യല്‍, സെര്‍വറുകളില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കല്‍, കോള്‍ സെന്ററുകളിലേക്ക് വിവരങ്ങള്‍ നല്‍കല്‍ എന്നിവ സംബന്ധിച്ച സാങ്കേതിക ജോലികള്‍ ബംഗളൂരുവില്‍ നിന്നാണ് നടത്തിയിരുന്നത്.

അതേസമയം, കര്‍ണാടക, തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 16 പേര്‍ അടങ്ങുന്ന കോള്‍ സെന്റര്‍ ബിഹാറിലാണ് പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പ് ശൃംഖല വിപുലപ്പെടുത്താന്‍ റാക്കറ്റ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ നിയമിച്ചു. സാങ്കേതിക പിന്തുണ നല്‍കിയ പ്രധാന പ്രതികളില്‍ ബിടെക്, ബികോം, ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം, ഗ്രാഫിക്‌സ്, വെബ് ഡിസൈനിങ്ങില്‍ ഡിപ്ലോമ എന്നിവയുള്‍പ്പെടെ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവരാണെന്ന് പോലിസ് പറഞ്ഞു.

ഏഴ് ലാപ്‌ടോപ്പുകള്‍, 38 സ്മാര്‍ട്ട് ഫോണുകള്‍, 25 സാധാരണ ഫോണുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സ്മാര്‍ട്ട് വാച്ചുകള്‍, 114 സിം കാര്‍ഡുകള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു. ഏതെങ്കിലും വെബ്‌സൈറ്റ്, ഫോണ്‍ കോള്‍, പോസ്റ്റര്‍, സോഷ്യല്‍ മീഡിയ പോസ്റ്റ്, വാട്‌സ് ആപ്പ് ഫോര്‍വേഡ് എന്നിവയിലൂടെ ഇ- സ്‌കൂട്ടര്‍ വില്‍ക്കാന്‍ അവകാശവാദമുന്നയിച്ച് ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ സമീപിച്ചാല്‍ പോലിസിനെയും ഒലയുടെ ലീഗല്‍ ടീമിനെയും അറിയിക്കണമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഓഫ്‌ലൈന്‍ മുഖാന്തരം ഒല സ്‌കൂട്ടര്‍ വില്‍പ്പന നടത്തുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it