Sub Lead

പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കൊല ആസൂത്രിതം; കൃത്യം നടത്തിയത് രണ്ടുവാഹനങ്ങളിലായെത്തിയ സംഘം, കാര്‍ കസ്റ്റഡിയില്‍

കൃത്യം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിയാത്തത് സംഭവത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കൊല ആസൂത്രിതം; കൃത്യം നടത്തിയത് രണ്ടുവാഹനങ്ങളിലായെത്തിയ സംഘം, കാര്‍ കസ്റ്റഡിയില്‍
X

പാലക്കാട്: എലപ്പുളിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ പട്ടാപ്പകല്‍ നടു റോഡില്‍ പിതാവിന് മുമ്പിലിട്ട് വെട്ടിക്കൊന്ന സംഭവം ആസൂത്രിതം. കൃത്യം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിയാത്തത് സംഭവത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

ഇന്ന് ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പിതാവിനൊപ്പം മടങ്ങുന്നതിനിടെ കാറിടിച്ച് വീഴ്ത്തി മാരകായുധങ്ങളുമായി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ടുകാറുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് നല്‍കുന്ന വിവരം.

കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നുവെന്ന സാക്ഷിമൊഴി പോലിസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. ഇവിടെ, ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന്റെ കീഴില്‍ പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചന.

ആക്രമി സംഘം ഇയോണ്‍, ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാറുകളിലായാണ് എത്തിയത്. കെ എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാര്‍ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികള്‍ ഇടിച്ചുവീഴ്ത്തിയത്. ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ക്കു മുമ്പ് മരിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൃത്യം നടത്തിയതിനു ശേഷം കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പോലിസിന്റെ കസ്റ്റഡിയിലാണ്.

ഇയോണ്‍ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടതായാണ് സംശയം.

സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് സുബൈറിന്റെ കൊലപാതകമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍ ആരോപിച്ചു.

ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത്. രാമനവമി, വിഷു തുടങ്ങിയ വിശേഷദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം പിതാവിനോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ചശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നത്. സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നും പികെ ഉസ്മാന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it