Sub Lead

പിണറായി സൗമ്യയുടെ ആത്മഹത്യ: രണ്ട് ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരുവര്‍ഷത്തിനു ശേഷം സസ്‌പെന്‍ഷന്‍

സംഭവസമയം കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടായിരുന്ന സി ശകുന്തള, അസി. സൂപ്രണ്ട് സി സി രമ എന്നിവരെ ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തു.

പിണറായി സൗമ്യയുടെ ആത്മഹത്യ: രണ്ട് ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരുവര്‍ഷത്തിനു ശേഷം സസ്‌പെന്‍ഷന്‍
X

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി വണ്ണത്താന്‍ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു വര്‍ഷത്തിനു ശേഷം രണ്ട് ജയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. സംഭവസമയം കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടായിരുന്ന സി ശകുന്തള, അസി. സൂപ്രണ്ട് സി സി രമ എന്നിവരെ ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെടുത്തി നേരത്തേ മൂന്നു വനിതാ അസി. പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫിസര്‍മാരായ സോജ, കെ പി ദീപ, മിനി തെക്കേവീട്ടില്‍ എന്നിവരെയായിരുന്നു അന്നത്തെ ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ സസ്‌പെന്റ് ചെയ്തിരുന്നത്.

എന്നാല്‍, വിശദമായ അന്വേഷണത്തില്‍ സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയ രണ്ടു എപിഒമാര്‍ക്കെതിരായ നടപടി തീര്‍പ്പാക്കാനും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കിയതായാണു സൂചന. ഇതോടെ, ദുരൂഹതകളേറെയുള്ള കൂട്ടക്കൊലക്കേസിലെ ഏക പ്രതിയായ സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കീഴുദ്യോഗസ്ഥര്‍ക്കെതിരേ മാത്രം നടപടിയെടുത്ത് മേലുദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടന്നതായി തുടക്കം മുതല്‍ ഉയര്‍ന്നിരുന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജയില്‍ ഡിജിപിയുടെ പുതിയ നടപടി. ഇടത് അനുകൂല യൂനിയന്‍ അംഗങ്ങളായ ജയില്‍ സൂപ്രണ്ടിനെയും അസി. ഗ്രേഡ് സി സി രമയെയും രക്ഷപ്പെടുത്താന്‍ ഉന്നതതലത്തില്‍ ശ്രമം നടന്നുവെന്നായിരുന്നു ആരോപണം.

2018 ആഗസ്ത് 24നു തിരുവോണത്തലേന്നാണ് സൗമ്യയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ചുള്ള വനിതാ ജയിലിലെ കോംപൗണ്ടിലെ കശുവണ്ടി മരത്തില്‍ സഹതടവുകാരിയുടെ സാരിയില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട് അവധിയിലാണെന്ന് അറിഞ്ഞിട്ടും സംഭവദിവസം അവധിയെടുക്കുകയും ആവശ്യത്തിനു ജീവനക്കാരുടെ സേവനം ജയിലില്‍ ഉറപ്പുവരുത്താത്തതിനും സൂപ്രണ്ട് പി ശകുന്തളയ്ക്കും രണ്ടു മണിക്കൂര്‍ വൈകി ഡ്യൂട്ടിക്കെത്തിയ അസി. സൂപ്രണ്ട് സി സി രമയ്ക്കുമെതിരേ നടപടിയെടുക്കണമെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച ഉത്തരമേഖല ജയില്‍ ഡിഐജി പ്രദീപ് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സംഭവസമയം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയവര്‍ക്കെതിരേ പോലും നടപടിയെടുത്തപ്പോള്‍ ഇരുവരെയും സംരക്ഷിക്കുകയായിരുന്നു. അച്ചടക്കനടപടിയെടുക്കാനും വകുപ്പുതല നടപടിയുമെടുക്കാനും ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും നടപടിയെടുത്തിരുന്നില്ല. ഇതിനിടെ, സസ്‌പെന്റ് ചെയ്യപ്പെട്ട അസി. പ്രിസണ്‍ ഓഫിസര്‍മാരെ മറ്റു സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതില്‍ ചില എപിഒമാര്‍ ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായപ്പോള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി സപ്തംബര്‍ 30നകം റിപോര്‍ട്ട് നല്‍കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു വര്‍ഷത്തിനു ശേഷം രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്.

കാമുകനൊപ്പം തന്നിഷ്ടപ്രകാരം ജീവിക്കാന്‍ മാതാപിതാക്കളായ പിണറായി വണ്ണത്താന്‍ കുഞ്ഞിക്കണ്ണന്‍, കമല, രണ്ടു പെണ്‍മക്കള്‍ എന്നിവര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചതിനു പിന്നാലെയാണ ഏക പ്രതി സൗമ്യ ദുരൂഹ സാഹചര്യത്തില്‍ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ചത്. സൗമ്യയുടെ ഡയറിയില്‍ താനുമായി ബന്ധമുള്ള പ്രദേശവാസികളെയും മറ്റും സൂചിപ്പിച്ചിരുന്നെങ്കിലും ആത്മഹത്യയോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം പൂര്‍ണമായും നിലച്ച മട്ടാണ്. ഇപ്പോള്‍ സമാന സാഹചര്യത്തില്‍ കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര ചര്‍ച്ചയാവുന്നതിനിടെയാണ് ജയില്‍ ഡിജിപിയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it