Sub Lead

ജെയ്‌ഷെ കമാന്‍ഡറുടേതെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ചിത്രം ആപ്പ് ഉപയോഗിച്ച് നിര്‍മിച്ചത്

കൊല്ലപ്പെട്ട ജെയ്‌ഷെ കമാന്‍ഡറുടെ ഫോട്ടോയ്ക്ക് അമേരിക്കന്‍ പോപ് ഇതിഹാസം ജോണ്‍ ബോണ്‍ ജോവിയുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ യൂസര്‍ ചൂണ്ടിക്കാട്ടിയതോടെ ആള്‍ട്ട് ന്യൂസ് ഇക്കാര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഫോട്ടോ വ്യാജമെന്ന് കണ്ടെത്തിയത്.

ജെയ്‌ഷെ കമാന്‍ഡറുടേതെന്ന പേരില്‍  മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ചിത്രം  ആപ്പ് ഉപയോഗിച്ച് നിര്‍മിച്ചത്
X

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടെന്ന വാര്‍ത്തയാണ് ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച് വരികയാണ്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അബ്ദുള്‍ റാഷിദ് ഖാസി എന്ന കമ്രാനെ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സൈന്യം വധിച്ചെന്നായിരുന്നു പുറത്തുവന്ന റിപോര്‍ട്ട്.


ഈ റിപോര്‍ട്ടിനൊപ്പം കൊല്ലപ്പെട്ട ജെയ്‌ഷെ കമാന്‍ഡര്‍ അബ്ദുള്‍ റാഷിദ് ഖാസിയുടേതെന്ന് അവകാശപ്പെട്ട് ഒരു ചിത്രവും ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യാ ടുഡേ, എബിപി ന്യൂസ്, സീ ന്യൂസ്, ഇന്ത്യാ ടിവി, ദ എകണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഈ ഫോട്ടോയാണ് തങ്ങളുടെ വാര്‍ത്തയ്‌ക്കൊപ്പം ഉപയോഗിച്ചത്.

ഈ ഫോട്ടോയ്ക്ക പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്


കൊല്ലപ്പെട്ട ജെയ്‌ഷെ കമാന്‍ഡറുടെ ഫോട്ടോയ്ക്ക് അമേരിക്കന്‍ പോപ് ഇതിഹാസം ജോണ്‍ ബോണ്‍ ജോവിയുമായി സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ യൂസര്‍ ചൂണ്ടിക്കാട്ടിയതോടെ ആള്‍ട്ട് ന്യൂസ് ഇക്കാര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഫോട്ടോ വ്യാജമെന്ന് കണ്ടെത്തിയത്. ആള്‍ട്ട് ന്യൂസ് നടത്തിയ ഗൂഗ്ള്‍ റിവേഴ്‌സ് സെര്‍ച്ചിങിലാണ് മാധ്യമങ്ങളുടെ കള്ളക്കളി വെളിച്ചത്തായത്. ജോണ്‍ ബോണിന്റെ ശരീരത്തില്‍ അബ്ദുള്‍ റാഷിദ് ഖാസിയുടെ മുഖം മോര്‍ഫ് ചെയ്തു ചേര്‍ക്കുകയായിരുന്നുവെന്ന് ഇവരുടെ പരിശോധനയില്‍ വ്യക്തമായി.

ഖാസിയുടേതെന്ന പേരില്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച ഫോട്ടോയിലും ജോണ്‍ ബോണ്‍ ജോവിയുടെ ചിത്രത്തിലും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടെത്താനാവുന്ന നിരവധി സാദൃശ്യങ്ങളുണ്ട്. ഇടതു കയ്യിലെ വാച്ച്, വാക്കി ടോക്കി, വലതു കൈയ്യിന്റെ ആകൃതി, ലാത്തി തുടങ്ങി നിരവധി സമാനതകളാണ് ഇരു ചിത്രങ്ങളിലുമുള്ളത്.

ഫോട്ടോ മോര്‍ഫ് ചെയ്തത് പോലിസ് സ്യൂട്ട് ഫോട്ടോ ഫ്രേം മേക്കര്‍ ആപ് വഴി


ഇതു സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ മറ്റൊരു കാര്യം കൂടി വെളിപ്പെട്ടു. പോലിസ് സ്യൂട്ട് ഫോട്ടോ ഫ്രേം മേക്കര്‍ എന്ന ആപ്പ് ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഈ അപ്ലിക്കേഷനിലുടെ ടെംപ്ലേറ്റിലേക്ക് അബ്ദുള്‍ റാഷിദ് ഗാസിയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.

ആധികാരികത പരിശോധിക്കാതെ രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത് അല്‍ഭുതപ്പെടുത്തുന്നതാണെന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it