Sub Lead

ആദ്യഘട്ട വോട്ടെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ പരക്കെ പണിമുടക്കി; ഏതില്‍ ഞെക്കിയാലും താമര

ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ബിഹാര്‍, അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി.

ആദ്യഘട്ട വോട്ടെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ പരക്കെ പണിമുടക്കി; ഏതില്‍ ഞെക്കിയാലും താമര
X

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടിങ് ഇന്നലെ അവസാനിച്ചപ്പോള്‍ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരക്കേ പരാതി. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ബിഹാര്‍, അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. ചില പാര്‍ട്ടികളുടെ ചിഹ്നത്തിന് നേരെ ബട്ടന്‍ ഇല്ലാത്തതും ബട്ടന്‍ പ്രവര്‍ത്തിക്കാത്തതും പരാതിയായി. ഏത് ബട്ടനില്‍ ഞെക്കിയാലും വിവിപാറ്റ് സ്ലിപ്പില്‍ ബിജെപി ചിഹ്നമായ താമര തെളിഞ്ഞു വരുന്നതാണ് പ്രധാന പരാതികളിലൊന്ന്.

അസമിലെ തേസ്പൂര്‍ മണ്ഡലത്തിലും മേഘാലയയിലെ ഷില്ലോങ് മണ്ഡലത്തിലുമാണ് മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബിജെപി ചിഹ്നത്തില്‍ പോകുന്നതായി പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസിലെ എം ജി വി കെ ഭാനുവും ബിജെപിയുടെ പല്ലഭ ലോചന്‍ ദാസും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് തേസ്പൂര്‍. ബീഫ് വിറ്റുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം മുസ്ലിം വൃദ്ധന്‍ ആക്രമിക്കപ്പെട്ടത് ഈ മണ്ഡലത്തിലായിരുന്നു. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ സംഭവിക്കുക സാധാരണമാണെന്ന് അസമിലെയും മേഘാലയയിലെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ പറഞ്ഞു. അതേസമയം, തേസ്പൂരിനെക്കുറിച്ച് വന്ന വാര്‍ത്ത വ്യാജമാണെന്ന് അസം സിഇഒ മുകേഷ് സാഹു അവകാശപ്പെട്ടു.മീററ്റിലെ ഒരു ബൂത്തിലും സമാനമായ പരാതി ഉയര്‍ന്നു. വീഡിയോ ക്ലിപ്പ് സഹിതമാണ് ടൈംസ് ഓഫ് ഇന്ത്യ ഈ വാര്‍ത്ത പുറത്തുവിട്ടത്. യന്ത്രത്തകരാര്‍ ആണെന്ന് അവകാശപ്പെട്ട് ഉദ്യോഗസ്ഥര്‍ ഈ വോട്ടിങ് യന്ത്രം മാറ്റി. എന്നാല്‍, യന്ത്രത്തില്‍ തിരിമറി നടത്തിയതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ബിഎസ്പിയുടെ ആന ചിഹ്നത്തിന് നേരെ ബട്ടന്‍ അമര്‍ത്തിയപ്പോള്‍ താമരയ്ക്ക് പതിയുന്ന വീഡിയോ ക്ലിപ്പാണ് പുറത്ത് വന്നിട്ടുള്ളത്.

നാഗാലാന്റില്‍ ഉപമുഖ്യന്ത്രിയും ബിജെപി നേതാവുമായ വൈ പാറ്റണ്‍ ബിജെപി ചിഹ്നത്തോട് കൂടിയ ഷാള്‍ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വീഡിയോയും പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ദ് നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി എത്തിച്ച ഉച്ചഭക്ഷണത്തിന്റെ പാക്കറ്റില്‍ നമോ ഫുഡ്‌സ് എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്‌നമായത്. എന്നാല്‍ നമോ ഫുഡ് ഷോപ്പ് എന്ന പ്രാദേശിക കടയില്‍ നിന്ന് വാങ്ങിയ ഭക്ഷണമാണ് ഇതെന്നും ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഗൗതം ബുദ്ദ് നഗര്‍ പോലിസ് സൂപ്രണ്ട് ന്യായീകരിച്ചു.അതേ സമയം, ജമ്മു കശ്മീരിലെ ഒരു ബൂത്തില്‍ വോട്ടര്‍മാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതിന്റെ വീഡിയോ പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തി പുറത്തുവിട്ടു. പോളിങ് ബൂത്തുകളില്‍ ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് സായുധ സേനയെ ഉപയോഗിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

ജമ്മുവിലെ പൂഞ്ച് ജില്ലയിലുള്ള ഷാപൂര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിലെ കൈപ്പത്തി ചിഹ്നം പ്രവര്‍ത്തിക്കാത്തത് വോട്ടെടുപ്പ് വൈകാനിടയാക്കി. ഇതിന്റെ യുട്യൂബ് വീഡിയോ മുന്‍മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ഗുണ്ടക്കലില്‍ തന്റെ പാര്‍ട്ടിയുടെ ചിഹ്നം ശരിയായ രീതിയില്‍ പ്രിന്റ് ചെയ്തില്ലെന്ന് ആരോപിച്ച് ജനസേനാ പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലത്തിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചതായി റിപോര്‍ട്ട് വന്നിട്ടുണ്ട്. യന്ത്രത്തകരാര്‍ മൂലം മൂന്ന് മണിക്കൂര്‍ പോളിങ് വൈകിയതിനാല്‍ ഇവിടെ റീപോളിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അസമിലെ കോലിയാബോര്‍ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ കോണ്‍ഗ്രസിന്റെ ചിഹ്നമുണ്ടായിരുന്നില്ല. കോണ്‍ഗ്രസും ബിജെപി സഖ്യ കക്ഷിയായ എജിപിയും തമ്മില്‍ കടുത്ത മല്‍സരം നടക്കുന്ന മണ്ഡലമാണിത്.

Next Story

RELATED STORIES

Share it