Sub Lead

അഫ്ഗാന്‍ ജയിലിലുള്ള മുൻ ഐഎസ് പ്രവർത്തകയെ തിരിച്ചു കൊണ്ടുവരണം; പിതാവ് സുപ്രിംകോടതിയില്‍

അയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചിട്ടുണ്ട്.

അഫ്ഗാന്‍ ജയിലിലുള്ള മുൻ ഐഎസ് പ്രവർത്തകയെ തിരിച്ചു കൊണ്ടുവരണം; പിതാവ് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ മുൻ ഐഎസ് പ്രവർത്തക അയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്തതിനാല്‍ രാജ്യാന്തരതലത്തില്‍ തന്നെ വനിതാ ഭീകരവാദികളോട് മൃദു സമീപനമാണ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത് എന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഫ്ഗാനിലെ പുല്‍ ഇ ചര്‍ക്കി ജയിലിലാണ് നിലവില്‍ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഏഴ് വയസുള്ള മകളും തടവില്‍ കഴിയുന്നത്. അയിഷയുടെ ഭര്‍ത്താവ് 2019 ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അയിഷയും മകളും ഭീകരവാദ പ്രവര്‍ത്തനത്തില്‍ സജീവം ആയിരുന്നില്ല എന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുഎപിഎ നിയമപ്രകാരം ആയിഷയ്‌ക്കെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എത്തിച്ച ശേഷം ഈ കേസില്‍ വിചാരണ നടത്തണമെന്നാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ സേന അഫ്ഗാനിസ്താനില്‍ നിന്ന് പിന്മാറിയതോടെ കാബൂളില്‍ ജയിലില്‍ കഴിയുന്നവരുടെ സുരക്ഷ അനിശ്ചിത്വത്തില്‍ ആയെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചിട്ടുണ്ട്. അഭിഭാഷകന്‍ രഞ്ജിത് മാരാരാണ് അയിഷയുടെ പിതാവിന്റെ റിട്ട് ഹരജി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it