Sub Lead

യുഡിഎഫ് ആദ്യ ഘട്ട സീറ്റ് ചര്‍ച്ച നടന്നു; നിലപാടിലുറച്ച് ലീഗും കേരള കോണ്‍ഗ്രസും ജോസഫും

മൂന്നു സീറ്റ് വേണമെന്ന് മുസ്‌ലിം ലീഗ്, രണ്ട് സീറ്റെന്ന നിലപാടിലുറച്ച് മാണിയും ജോസഫും, ലോക് സഭാ സീറ്റ് വേണ്ട രാജ്യസഭാ സീറ്റ് വേണമെന്ന് സിഎംപി, ഇടുക്കി സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് .ലീഗുമായി മാര്‍ച്ച് ഒന്നിന് കോഴിക്കോടും മാണിയുമായി മൂന്നിന് കൊച്ചിയിലും വീണ്ടും ചര്‍ച്ച

യുഡിഎഫ് ആദ്യ ഘട്ട സീറ്റ് ചര്‍ച്ച നടന്നു; നിലപാടിലുറച്ച്  ലീഗും കേരള കോണ്‍ഗ്രസും ജോസഫും
X

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി യുഡിഎഫിന്റെ ആദ്യ ഘട്ട സീറ്റ് വിഭജന ചര്‍ച്ച കൊച്ചിയില്‍ നടന്നു. മുസ് ലിം ലീഗ്,കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്, സിഎംപി എന്നി കക്ഷികളുമായിട്ടായിരുന്നു പ്രധാനമായും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സീറ്റ് വിഭജന ചര്‍ച്ച നടത്തിയത്.മുസ് ലിം ലീഗുമായിട്ടായിരുന്നു ആദ്യം കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയത്. മൂന്നാം സീറ്റ് എന്ന ആവശ്യം മുസ് ലിം ലീഗിനെ പ്രതീനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, എം കെ മുനീര്‍ എന്നിവര്‍ മുന്നോട്ടു വെച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മൂന്നാമതൊരു സീറ്റു കൂടി മുസ്‌ലിം ലീഗിനു വിട്ടു നല്‍കുന്നതിന്റെ ബുദ്ധിമുട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളെ അറിയിച്ചു.തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ലാണ് ചര്‍ച്ച അവസാനിച്ചത്.ആദ്യ ഘട്ട ചര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും ചര്‍ച്ച തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയക്കു ശേഷം പുറത്തിറങ്ങിയ പി കെ കുഞ്ഞാലിക്കിട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി നടന്ന ചര്‍ച്ചയാണ് കോണ്‍ഗ്രസിന് തല വേദന സൃഷ്ടിച്ച് നില്‍ക്കുന്നത്. രണ്ടാമതൊരു സീറ്റു കൂടി വേണമെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്.ഇന്ന് നടന്ന ചര്‍ച്ചയിലും കെ എം മാണിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത പി ജെ ജോസഫ് നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ രണ്ടു സീറ്റ് നല്‍കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.നിലവില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യ സഭാ സീറ്റ് നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ കോട്ടയം സീറ്റും നല്‍കി. ഇതിനു പുറമെ മറ്റൊരു സീറ്റൂകൂടി അനുവദിക്കുക സാധിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.അതേ സമയം രണ്ടു സീറ്റു ലഭിച്ചില്ലെങ്കില്‍ പാര്‍ടിയിലുണ്ടാകുന്ന ബുദ്ധിമുട്ട് പി ജെ ജോസഫും കെ എം മാണിയും കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചു.തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് ഇവര്‍ തമ്മിലുള്ള ചര്‍ച്ച അവസാനിപ്പത്. ഇടുക്കി സീറ്റ് വേണമെന്ന നിലപാടായിരുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ച ആവശ്യം.സിഎം പിയുമായി നടന്ന ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറി സി പി ജോണ്‍, സിസ്റ്റന്റ് സെക്രട്ടറി എം കെ സാജു എന്നിവരാണ് പങ്കെടുത്തത്.ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റു വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ സി എം പി മുന്നോട്ടു വെച്ചില്ല. പകരം അടുത്തതായി ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം തങ്ങള്‍ക്കു വേണമെന്ന് ചര്‍ച്ചയില്‍ സി എം പി നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോട് രേഖാമുലം ആവശ്യപ്പെട്ടു. പാര്‍ടി കൂടുതല്‍ ശക്തിപെട്ട സാഹചര്യത്തില്‍ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിഗണന വേണമെന്നും സിഎംപി നേതാക്കള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യസഭാ സീറ്റു വേണമെന്ന സിഎംപിയുടെ ആവശ്യം സംബന്ധിച്ച് യാതൊരു വിധ ഉറപ്പുകളും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയില്ല. അതേ സമയം കൊല്ലം സീറ്റ് ആര്‍എസ് പിക്കു നല്‍കാനും ധാരണയിലായി.മുസ് ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ച മാര്‍ച്ച് ഒന്നിന് കോഴിക്കോടും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുളള ചര്‍ച്ച മാര്‍ച് മൂന്നിന് കൊച്ചിയില്‍ വെച്ചും നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള യോഗം നാലിന് തിരുവനന്തപുരത്തും നടക്കും.



Next Story

RELATED STORIES

Share it