Sub Lead

''പപ്പ മമ്മിയെ കൊന്നു കെട്ടിത്തൂക്കി''; യുവതിയുടെ മരണത്തില്‍ വഴിത്തിരിവായി മകള്‍ വരച്ച ചിത്രങ്ങള്‍

പപ്പ മമ്മിയെ കൊന്നു കെട്ടിത്തൂക്കി; യുവതിയുടെ മരണത്തില്‍ വഴിത്തിരിവായി മകള്‍ വരച്ച ചിത്രങ്ങള്‍
X

ഝാന്‍സി: യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച സ്ത്രീയുടെ നാലുവയസുകാരിയായ മകള്‍ നോട്ട്ബുക്കില്‍ വരച്ച ചിത്രങ്ങളാണ് മറ്റൊരു തലത്തില്‍ അന്വേഷണം നടത്താന്‍ പോലിസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ പഞ്ചവതി ശിവപരിവാര്‍ കോളനിയിലെ 27കാരിയായ സോണാലിയെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സോണാലി ആത്മഹത്യ ചെയ്‌തെന്നാണ് ഭര്‍ത്താവ് പ്രദീപും ബന്ധുക്കളും പറഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് ദമ്പതികളുടെ മകളായ നാലുവയസുകാരി ദര്‍ഷിതയുടെ മൊഴിയെടുത്തു. പപ്പ മമ്മിയെ കൊന്നു കെട്ടിത്തൂക്കിയെന്നാണ് കുട്ടി മൊഴി നല്‍കിയത്. ''പപ്പ മമ്മിയെ ആക്രമിച്ച് കൊന്നു. നിനക്ക് വേണമെങ്കില്‍ നീയും മരിച്ചോ എന്ന് എന്നോടും പറഞ്ഞു.''-ദര്‍ഷിത പോലിസിന് നല്‍കിയ മൊഴി പറയുന്നു. കൂടാതെ പ്രദീപ്, സോണാലിയെ ആക്രമിക്കുന്നത് ചിത്രമായി വരച്ച നോട്ട്ബുക്കും പോലിസിന് കൈമാറി.

സോണാലിയുടേത് കൊലപാതകമാണെന്ന പരാതി ലഭിച്ചതായി കോട്‌വാലി സിറ്റി പോലിസ് ഓഫിസര്‍ രാംവീര്‍ സിംഗ് പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടി പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2019ലാണ് സോണാലിയും പ്രദീപും വിവാഹിതരായതെന്ന് സോണാലിയുടെ പിതാവ് സഞ്ജീവ് ത്രിപാഠി പറഞ്ഞു. ''വിവാഹദിവസം ഞാന്‍ അവര്‍ക്ക് 20 ലക്ഷം രൂപ സ്ത്രീധനമായി നല്‍കി. പക്ഷേ ദിവസങ്ങള്‍ക്ക് ശേഷം സന്ദീപും കുടുംബവും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. അവര്‍ക്ക് ഒരു കാര്‍ വേണം. കാര്‍ വാങ്ങല്‍ എനിക്ക് കഴിയുന്നതിലും അപ്പുറമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് അയാളും കുടുംബവും എന്റെ മകളെ ആക്രമിക്കാന്‍ തുടങ്ങി. ഒരിക്കല്‍ ഞാന്‍ ഇതിനെതിരെ പോലിസിനെ സമീപിച്ചിരുന്നു. പോലിസ് സംസാരിച്ച് പരാതി ഒത്തുതീര്‍പ്പാക്കി.''-സഞ്ജീവ് ത്രിപാഠി പറഞ്ഞു. വിവാഹബന്ധത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായതായി സഞ്ജീവ് ത്രിപാഠി പറഞ്ഞു. ആണ്‍കുട്ടി വേണമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it