Sub Lead

87 ദിവസം നിരാഹാര സമരത്തില്‍; ഫലസ്തീനി തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ മരണപ്പെട്ടു

87 ദിവസം നിരാഹാര സമരത്തില്‍; ഫലസ്തീനി തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ മരണപ്പെട്ടു
X

ജെറുസലേം: ഇസ്രായേല്‍ നടപടയില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാരസമരം നടത്തിയ ഫലസ്തീനി തടവുകാരന്‍ മരണപ്പെട്ടു. ഫലസ്തീന്‍ ഇസ് ലാമിക് ജിഹാദ് സംഘവുമായി ബന്ധമുള്ള ഖാദര്‍ അദ്‌നാന്‍ ആണ് മരണപ്പെട്ടത്. മൂന്ന് മാസത്തോളം നീണ്ട നിരാഹാര സമരത്തിന് ശേഷം ഇസ്രായേലി ജയിലില്‍ ഖാദര്‍ അദ്‌നാന്‍ മരണപ്പെട്ടതായി ഇസ്രായേല്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അദ്‌നാന്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകാനും ചികിത്സ സ്വീകരിക്കാനും വിസമ്മതിച്ചെന്നും സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നുമാണ് അധികൃതരുടെ വിശദീകരണം. ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അദ്‌നാന്‍ നിരാഹാര സമരം ആരംഭിച്ചത്. നേരത്തെയും അറസ്റ്റ് ചെയ്തപ്പോള്‍ നിരവധി തവണ നിരാഹാര സമരം നടത്തിയിരുന്നു. 2015ല്‍ 55 ദിവസം സമരം നടത്തിയിരുന്നു.

സംശയിക്കപ്പെടുന്നവരെ കുറ്റം ചുമത്തുകയോ വിചാരണയോ കൂടാതെ ഇസ്രായേല്‍ അനിശ്ചിതകാലത്തേക്ക് തടവിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം നടത്തിയത്. നിലവില്‍ ആയിരത്തിലധികം ഫലസ്തീന്‍ തടവുകാരെ കുറ്റപത്രമോ വിചാരണയോ കൂടാതെ ഇസ്രായേല്‍ തടവിലിട്ടിരിക്കുന്നുണ്ടെന്നും 2003ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്നും ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ഹാമോകെഡ് വ്യക്തമാക്കി. ഖാദര്‍ അദ്‌നാന്‍ വധിക്കപ്പെട്ടതായി ഗസയിലെ പ്രിസണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിനടുത്തുള്ള അറാബ പട്ടണത്തില്‍ നിന്നുള്ള അദ്‌നാന്‍(44) 87 ദിവസം ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപോര്‍ട്ട് ചെയ്തു. സംഭവിച്ചത് അപകടകരമായ കാര്യമാണെന്ന് ഫലസ്തീന്‍ മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയും ഫലസ്തീന്‍ നാഷനല്‍ ഇനിഷ്യേറ്റീവ് രാഷ്ട്രീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ മുസ്തഫ ബര്‍ഗൂതി പറഞ്ഞു.

ഇസ്രായേല്‍ സര്‍ക്കാരും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും 'ഈ കൊലപാതകത്തിന് വ്യക്തിപരമായി ഉത്തരവാദികളാണെന്നും ബര്‍ഗൂതി അല്‍ ജസീറയോട് പറഞ്ഞു. 87 ദിവസമായി ഒരുതരത്തിലുള്ള വൈദ്യസഹായവും ലഭിക്കാതെ നിരാഹാര സമരം നടത്തുന്ന ഒരാള്‍ എപ്പോള്‍ വേണമെങ്കിലും മരിക്കാമെന്ന് ഇസ്രായേല്‍ സര്‍ക്കാരിനും അതിന്റെ സൈനിക കോടതികള്‍ക്കും നന്നായി അറിയാമായിരുന്നു എന്നതിനാലാണ് ഞാന്‍ ഇതിനെ കൊലപാതകം എന്ന് വിളിക്കുന്നതെന്നും ബര്‍ഗൂതി പറഞ്ഞു. ഒമ്പത് കുട്ടികളുടെ പിതാവായ അദ്‌നാന്‍ തന്റെ ജീവിതത്തിനിടയില്‍ 12 തവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇസ്രായേല്‍ ജയിലുകളില്‍ നിരവധി തവണ നിരാഹാര സമരം നടത്തുകയും ചെയ്തിട്ടുണ്ട്. 80 ദിവസം ഭക്ഷണമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് അദ്‌നാന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. സെന്‍ട്രല്‍ ഇസ്രയേലിലെ റംല ജയിലിലെ ബുദ്ധിമുട്ടുള്ള സെല്ലിലാണ് തന്റെ ഭര്‍ത്താവിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അദ്‌നാന്റെ ഭാര്യ റാന്‍ഡ മൂസ കഴിഞ്ഞ ആഴ്ച എഎഫ്പിയോട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it