Sub Lead

ഗസയുടെ ഭരണം സ്വതന്ത്ര ഫലസ്തീനി സമിതിക്ക് നല്‍കാന്‍ ധാരണ

ഗസയുടെ ഭരണം സ്വതന്ത്ര ഫലസ്തീനി സമിതിക്ക് നല്‍കാന്‍ ധാരണ
X

കെയ്‌റോ: ഗസ മുനമ്പിന്റെ ഭരണം സ്വതന്ത്ര ഫലസ്തീന്‍ സമിതിക്ക് കൈമാറാന്‍ ധാരണയായെന്ന് ഫലസ്തീനി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടന്ന സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം. ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, പിഎഫ്എല്‍പി അടക്കം നിരവധി സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. അഞ്ച് കാര്യങ്ങളിലാണ് അവര്‍ തീരുമാനം പ്രഖ്യാപിച്ചത്.


1) ഗസയില്‍ നിന്ന് അധിനിവേശ സേനയെ പിന്‍വലിക്കല്‍, റഫ ഉള്‍പ്പെടെയുള്ള എല്ലാ അതിര്‍ത്തികളും തുറക്കല്‍, മാനുഷിക സഹായങ്ങള്‍ ഗസയില്‍ പ്രവേശിക്കല്‍, പുനര്‍നിര്‍മാണം അടക്കമുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാവാന്‍ പ്രവര്‍ത്തിക്കും.

2) ഗസ മുനമ്പിന്റെ ഭരണം ഫലസ്തീനില്‍ നിന്നുള്ള സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സമിതിക്ക് കൈമാറാം. അവര്‍ ഫലസ്തീനി ദേശീയ ഉത്തരവാദിത്തത്തില്‍ അധിഷ്ഠിതമായി അറബ് രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരിച്ച് ഗസയിലെ ദൈനംദിന കാര്യങ്ങള്‍ ചെയ്യണം. ഗസയുടെ പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ അന്താരാഷ്ട്ര സമിതി രൂപീകരിക്കും. ആ സമിതി ഫലസ്തീനി രാഷ്ട്രീയ വ്യവസ്ഥയുടെ ഐക്യത്തെയും ദേശീയതീരുമാനങ്ങളെയും ഹനിക്കാതെ പ്രവര്‍ത്തിക്കണം.

3) ഗസയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. വെടിനിര്‍ത്തല്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമേയം പാസാക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടും.

4) ഇസ്രായേലി ജയിലുകളില്‍ തടവുകാര്‍ നേരിടുന്ന പീഡനങ്ങളും നിയമലംഘനങ്ങളും അവസാനിപ്പിക്കണം. തടവുകാരരെ മോചിപ്പിക്കും വരെ അവരുടെ വിഷയത്തിന് മുന്‍ഗണന നല്‍കും.

5) ഫലസ്തീന്‍ ലക്ഷ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ കാഴ്ചപാടുകളും നിലപാടുകളും ഏകീകരിക്കുന്നതിന് സംയുക്ത പ്രവര്‍ത്തനം തുടരും. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ സജീവമാക്കും. അതിനായി എല്ലാ ഫലസ്തീനി വിഭാഗങ്ങളുടെയും ശക്തികളുടെയും അടിയന്തര യോഗം വിളിക്കും.

ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിര്‍മിക്കുന്നതില്‍ വഴിത്തിരിവാണ് ഈ തീരുമാനങ്ങളെന്ന് സംയുക്ത പ്രസ്താവന പറയുന്നു. ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം, അന്തസ്, സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം, ഭാവി തലമുറയുടെ അവകാശം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയിറക്കപ്പെട്ടവര്‍ക്ക് തിരികെ വരാനുള്ള അവകാശം എന്നിവയെല്ലാം സംരക്ഷിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുകയെന്നും പ്രസ്താവന ഉറപ്പുനല്‍കി.

Next Story

RELATED STORIES

Share it