Sub Lead

ഗസയിലെ ശാരീരികവും വൈകാരികവുമായ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഫലസ്തീനി കവി മൊസാബ് അബു തോഹയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

ഗസയിലെ ശാരീരികവും വൈകാരികവുമായ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഫലസ്തീനി കവി മൊസാബ് അബു തോഹയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം
X

ന്യൂയോര്‍ക്ക്: ഇസ്രായേലി അധിനിവേശത്തിന് ഇരയായ ഗസയിലെ ശാരീരികവും വൈകാരികവുമായ കൂട്ടക്കൊലകളെ കുറിച്ച് എഴുതിയ ഫലസ്തീനി കവി മൊസാബ് അബു തോഹയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. പത്രപ്രവര്‍ത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നല്‍കുന്ന അമേരിക്കന്‍ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍ പ്രൈസ്. ഹംഗേറിയന്‍-അമേരിക്കന്‍ പ്രസാധകനായ ജോസഫ് പുലിറ്റ്‌സര്‍ സ്ഥാപിച്ച ഈ പുരസ്‌കാരം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയാണ് നല്‍കുക. നിലവില്‍ യുഎസിലുള്ള മൊസാബ് അബു തോഹയെ നാടുകടത്തിക്കാന്‍ സയണിസ്റ്റ് സംഘടനകള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കറില്‍ എഴുതിയ ലേഖനങ്ങള്‍ക്കാണ് പുരസ്‌കാരം.

''എനിക്ക് കമന്ററിക്കുള്ള പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു, ഇത് പ്രതീക്ഷ നല്‍കട്ടെ. ഇതൊരു കഥയാകട്ടെ''-മൊസാബ് അബു തോഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2023 ഡിസംബറില്‍ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിയന്‍ കവി റിഫാത്ത് അലരീറിനുള്ള ആദരാഞ്ജലിയാണ് ഈ പോസ്‌റ്റെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 'ഞാന്‍ മരിക്കേണ്ടിവന്നാല്‍, അത് ഒരു കഥയാകട്ടെ' എന്നായിരുന്നു അലരീറിന്റെ അവസാന കവിതയുടെ പേര്. 2023ല്‍ ഗാസയില്‍ ഇസ്രായേലി സൈന്യം അബു തോഹയെ കസ്റ്റഡിയിലെടുത്ത് ഈജിപ്തിലേക്ക് നാടുകടത്തുകയും പിന്നീട് യുഎസിലേക്ക് താമസം മാറ്റുകയും ചെയ്തു.

''നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ പാടുപെട്ടു. ഗസയില്‍, തകര്‍ന്ന ഓരോ വീടും ഒരുതരം ആല്‍ബമായി മാറുന്നു, അതിന്റെ പേജുകളില്‍ യഥാര്‍ത്ഥ ആളുകളും, മരിച്ചവരും അമര്‍ന്നിരിക്കുന്നു.''-അദ്ദേഹം ഒരു ലേഖനത്തില്‍ എഴുതി.

''നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം, സഹോദരങ്ങളോടും അവരുടെ കുട്ടികളോടും ഒപ്പം ഗസയിലെ ഒരു സ്‌കൂള്‍ ഷെല്‍ട്ടറില്‍ നിങ്ങള്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക...നിങ്ങള്‍ക്ക് ആരെയും സംരക്ഷിക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അമേരിക്കയിലാണ്, വംശഹത്യയ്ക്ക് ധനസഹായം നല്‍കുന്ന രാജ്യം. ഇത് ഹൃദയഭേദകമാണ്.''-അദ്ദേഹം മറ്റൊരു ലേഖനത്തില്‍ എഴുതി.

ഇസ്രായേലിനെ വിമര്‍ശിക്കുന്ന പൗരന്മാരല്ലാത്തവരെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രചാരണത്തിനിടയില്‍, യുഎസിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ അബു തോഹയെ നാടുകടത്താന്‍ ആവശ്യപ്പെട്ടു. അബു തോഹ കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തില്‍ വിവിധ സര്‍വകലാശാലകള്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

സുഡാനിലെ ആഭ്യന്തരയുദ്ധത്തെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിനും പുരസ്‌കാരം ലഭിച്ചു. ഗസയിലെ ഇസ്രായേലി ക്രൂരതകളെ കുറിച്ചുള്ള വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപോര്‍ട്ട് ഈ മേഖലയില്‍ രണ്ടാമതെത്തി. അഫ്ഗാനിസ്താനില്‍ സ്വകാര്യ കൊലയാളി സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയ യുഎസ് സൈന്യത്തിന്റെ നടപടികള്‍ തുറന്നുകാട്ടിയതിന് അഹമദ്, ഗോള്‍ഡ്‌ബേണ്‍, ഐക്കിന്‍സ് എന്നിവരെ പുലിറ്റ്‌സര്‍ സമിതി ആദരിച്ചു. ഈലണ്‍ മസ്‌കിന്റെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിന്റെ പ്രത്യേകതകള്‍ക്കുള്ള റിപോര്‍ട്ടിന് വാള്‍സ്ട്രീറ്റ് ജേണലിനും പുരസ്‌കാരം ലഭിച്ചു.

Next Story

RELATED STORIES

Share it