Sub Lead

പാലക്കാട്ട് ഇടത് ആധിപത്യം; മെട്രോ പാളംതെറ്റി, യുഡിഎഫ് രണ്ടിടത്ത് ഒതുങ്ങി

മെട്രോമാന്‍ ഇ ശ്രീധരനിലൂടെ ജില്ലയില്‍ താമര വിരിയിക്കാൻ ശ്രമിച്ച ബിജെപിയുടെ നീക്കത്തിന് കനത്ത തിരിച്ചടി നൽകി പാലക്കാട്ട് ഷാഫി ഹാട്രിക് ജയം സ്വന്തമാക്കി.

പാലക്കാട്ട് ഇടത് ആധിപത്യം; മെട്രോ പാളംതെറ്റി, യുഡിഎഫ് രണ്ടിടത്ത് ഒതുങ്ങി
X

പാലക്കാട്: വ്യക്തമായ ഇടത് ആധിപത്യത്തിൽ പാലക്കാടും ചുവന്നു. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ പത്തിടത്തും എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. മണ്ണാര്‍ക്കാടും പാലക്കാടും മാത്രമേ യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചുള്ളു. കഴിഞ്ഞ തവണ ഒമ്പതിടത്ത് ജയിച്ച എല്‍ഡിഎഫ് ഇത്തവണ തൃത്താല കൂടി പുതുതായി അക്കൗണ്ടില്‍ ചേര്‍ത്തു. മെട്രോമാന്‍ ഇ ശ്രീധരനിലൂടെ ജില്ലയില്‍ താമര വിരിയിക്കാൻ ശ്രമിച്ച ബിജെപിയുടെ നീക്കത്തിന് കനത്ത തിരിച്ചടി നൽകി പാലക്കാട്ട് ഷാഫി ഹാട്രിക് ജയം സ്വന്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ നടന്ന പാലക്കാട്ട് 3000-ത്തിലേറെ വോട്ടുകള്‍ക്കാണ് മെട്രോ പാളംതെറ്റിയത്. ഒരു ഘട്ടത്തില്‍ 6000-ത്തിലേറെ വോട്ടിന് മുന്നിലെത്തിയ ശ്രീധരന്‍ അവസാന രണ്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണലിലാണ് പിന്നില്‍ പോയത്. 2011-ല്‍ 7000-ത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചെടുത്ത ഷാഫി കഴിഞ്ഞ തവണ ലീഡ് 17,000-ത്തിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു.

ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു ആദ്യാവസാനം മൽസരമുണ്ടായത്. 2016-ലേതിന് സമാനമായി എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ഘട്ടത്തിലും ഇരുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപി പ്രമോദിന് സാധിച്ചില്ല. ജില്ലയില്‍ എ ക്ലാസ് മണ്ഡലമായി ബിജെപി. കണക്കുകൂട്ടിയ മലമ്പുഴയിലും എന്‍ഡിഎയ്ക്ക് അടിതെറ്റി. 29,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസിന്റെ പിന്‍ഗാമിയായി എ പ്രഭാകരന്‍ വിഎസിനേക്കാൾ വോട്ട് നേടി വിജയിച്ചു. കഴിഞ്ഞ തവണ 27,142 വോട്ടുകള്‍ക്കായിരുന്നു വിഎസിന്റെ ജയം. യുഡിഎഫ് മൂന്നാം സ്ഥാനത്തക്ക് പിന്തള്ളപ്പെട്ട ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും എന്‍ഡിഎയ്ക്ക് പറയത്തക്ക നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

തുടക്കംമുതല്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് തൃത്താല എംബി രാജേഷിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ വിടി ബല്‍റാമിനെ 3000-ത്തിലേറെ വോട്ടുകള്‍ക്കാണ് രാജേഷ് പരാജയപ്പെടുത്തിയത്. വേറേത് മണ്ഡലത്തില്‍ തോറ്റാലും തൃത്താല പിടിക്കാന്‍ ഉറച്ചാണ് പ്രധാന നേതാക്കളില്‍ ഒരാളായ എംബി രാജേഷിനെ തന്നെ സിപിഎം. ഇവിടെ മൽസരിപ്പിച്ചത്. സാമൂഹിക മാധ്യമത്തില്‍ എകെജിക്കെതിരായി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ ബല്‍റാമിനെ തോല്‍പ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഇടത് ക്യാംപിനുണ്ടായിരുന്നുള്ളു.

ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും ബിജെപിയുടെ മുഖമായ എന്‍ഡിഎ സ്ഥാനാര്‍ഥി ശിങ്കു ടി ദാസിന് തൃത്താലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിയുറച്ച വേരുകളുള്ള ചിറ്റൂരില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി 35,000-ത്തിലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്. ഒമ്പത് തവണ മണ്ഡലത്തില്‍ മൽസരിച്ച കൃഷ്ണന്‍കുട്ടിയുടെ അഞ്ചാം ജയമാണിത്. കഴിഞ്ഞ തവണ കെ അച്യുതനെതിരെ 7,285 വോട്ടുകള്‍ക്കായിരുന്നു കൃഷ്ണന്‍കുട്ടിയുടെ വിജയം. ഇക്കുറി അച്യുതന് പകരക്കാരനായി കെ കൃഷ്ണന്‍കുട്ടിയെ നേരിടാനെത്തിയത് കെ അച്യുതന്റെ മകന്‍ സുമേഷ് അച്യുതന് അടിപതറുകയായിരുന്നു.

ഇടതു കോട്ടയായ ആലത്തൂരില്‍ സിപിഎം സിറ്റിങ് എംഎല്‍എ കെഡി പ്രസേനന്‍ 36265 വോട്ടിന്റെ ഭൂരിപക്ഷത്തിന് രണ്ടാം ജയം സ്വന്തമാക്കി. പ്രസേനന്‍ 62,580 വോട്ടും കോണ്‍ഗ്രസ് സ്ഥാനാർഥി പാളയം പ്രദീപ് 32,628 വോട്ടും നേടി. ബിജെപിയുടെ പ്രശാന്ത് ശിവന് 16,820 വോട്ടാണ് ലഭിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് പ്രസേനന് തുണയായത്. നിറ, ദിശ, നന്മ എന്നീ പദ്ധതികളിലൂടെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ നേടിയ പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കൂടിയാണ് കെഡി പ്രസേനൻ നേടിയത്.

സംവരണ മണ്ഡലമായ കോങ്ങാട് രൂപീകൃതമായതു മുതല്‍ ഇടതിനൊപ്പമാണ്. അന്തരിച്ച എംഎല്‍എ കെവി വിജയദാസിനു പകരം സിപിഎമ്മിനു വേണ്ടി മൽസരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി 3214 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുത്ത സീറ്റില്‍ ലീഗ് മൽസരിപ്പിച്ചത് യുസി രാമനെയായിരുന്നു. എം സുരേഷ് ബാബുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 2016ല്‍ കെ.വി. വിജയദാസ് 60,790 വോട്ടുകള്‍ നേടി (ഭൂരിപക്ഷം-13,271) കോണ്‍ഗ്രസിന്റെ പന്തളം സുധാകരനെയാണ് തോല്‍പ്പിച്ചത്. പന്തളം സുധാകരന്‍ 47,519 വോട്ടും എന്‍ഡിഎയുടെ രേണുക സുരേഷ് 23,800 വോട്ടും നേടി. 2011ല്‍ കെ.വി. വിജയദാസ് 3,565 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

തരൂരില്‍ പിപി സുമോദ് 24,000-ത്തിന് മുകളില്‍ ഭൂരിപക്ഷം പിടിച്ച് ഇടത് ആധിപത്യം ഉറപ്പിച്ചു. 2011-ല്‍ രൂപീകൃതമായ തരൂര്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതിന് അനുകൂലമായാണ് വിധിയെഴുതിയത്. മന്ത്രി എകെ ബാലനാണ് രണ്ട് തവണയും തരൂരില്‍ ജയിച്ചത്. പിപി സുമോദ് 24531 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ കെഎ ഷീബയെ പരാജയപ്പെടുത്തിയത്. സുമോദിന് 67,744 വോട്ടും ഷീബയ്ക്ക് 43,213 വോട്ടും ബിജെപിയുടെ കെ.പി ജയപ്രകാശന് 18,465 വോട്ടും ലഭിച്ചു. എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീല മണ്ഡലത്തില്‍ മൽസരിക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്നുണ്ടായ ചില അസ്വാരസ്യങ്ങള്‍ തുടക്കത്തില്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിപി സുമോദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഭിന്നസ്വരങ്ങള്‍ അവസാനിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാര്‍ഥികളെ മാത്രം തുണച്ച ഒറ്റപ്പാലം മണ്ഡലം ഇത്തവണയും പതിവ് തെറ്റിച്ചില്ല. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി സരിന്‍ സ്ഥാനാര്‍ഥിയായതോടെ ശക്തമായ മൽസരം നടക്കുമെന്ന് കരുതിയെങ്കിലും 15,000-ത്തിലേറെ വോട്ടുകള്‍ക്ക് കെ പ്രേംകുമാര്‍ മണ്ഡലം ചുവപ്പിച്ചു. കഴിഞ്ഞ തവണ 16,000-ത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി പി ഉണ്ണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. മൂന്നാം തവണയും എന്‍ഡിഎയ്ക്കായി മൽസരിച്ച പി വേണുഗോപാലിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

2011-ല്‍ മണ്ഡലം രൂപീകൃതമായത് മുതല്‍ ഇടതിനോട് പ്രിയമുള്ള ഷൊര്‍ണൂരില്‍ പി മമ്മിക്കുട്ടിയുടെ ജയം 35,000-ത്തിലേറെ വോട്ടുകള്‍ക്കാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായ ടിഎച്ച് ഫിറോസ് ബാബുവിനെയാണ് മമ്മിക്കുട്ടി പിന്നിലാക്കിയത്. സംസ്ഥാന നേതാക്കളില്‍ പ്രമുഖനായ സന്ദീപ് വാര്യരിലുടെ മണ്ഡലത്തില്‍ മുന്നേറാമെന്ന എന്‍ഡിഎ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. പികെ ശശിയെ ഒഴിവാക്കിയാണ് സിപിഎം ഇത്തവണ പി മമ്മിക്കുട്ടിയെ കളത്തിലിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മൽസരിച്ച സീറ്റ് ഇത്തവണ തിരിച്ചെടുത്ത് ബിജെപി യുവനേതാവ് സന്ദീപ് വാര്യരെ കളത്തിലിറക്കുകയായിരുന്നു. 8000 വോട്ടുകൾ അധികം നേടിയ സന്ദീപ് വാര്യറും യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ബാബുവും തമ്മിൽ 500ൽ താഴെ വോട്ടുകളുടെ കുറവുള്ളുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പട്ടാമ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ തോല്‍പ്പിച്ചാണ് മുഹ്‌സിന്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയത്. 2001 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പം നിന്ന പട്ടാമ്പി കഴിഞ്ഞ തവണയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചിരുന്നത്. ജെഎന്‍യു വിദ്യാര്‍ഥി നേതാവിന്റെ പരിവേഷത്തോടെ കഴിഞ്ഞ തവണ 7,404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മുഹ്‌സിന്‍ ഇത്തവണ ഭൂരിപക്ഷം 17000ത്തിന് മുകളിലേക്ക് ഉയര്‍ത്തി. കോണ്‍ഗ്രസ് വിമതരായ ടിപി ഷാജിയുടെ നേതൃത്വത്തിലുള്ള വി ഫോര്‍ പട്ടാമ്പിയുടെ സാന്നിധ്യവും മണ്ഡലത്തില്‍ എല്‍ഡിഎഫിനെ തുണച്ചു.

നെന്‍മാറയിലും ജനവിധി ഇടതിന് അനുകൂലമാണ് 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം രണ്ടു വട്ടവും ജയം ഇടതിനായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍ എംവി രാഘവനെ കീഴടക്കി വി ചെന്താമരാക്ഷനായിരുന്നു വിജയി. കഴിഞ്ഞ തവണ എവി ഗോപിനാഥിനെ തറപറ്റിച്ച് കെ ബാബുവിനെ മണ്ഡലം നിയമസഭയിലേക്ക് പറഞ്ഞുവിട്ടു. കഴിഞ്ഞ തവണ 7,408 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എല്‍ഡിഎഫ് ഇത്തവണ ഭൂരിപക്ഷം 28,000-ത്തിന് മുകളിലേക്ക് ഉയര്‍ത്തി. ഘടകകക്ഷിയായ സിഎംപിക്ക് സീറ്റ് വിട്ടുകൊടുത്തതിന് പിന്നാലെ മുന്നണിയില്‍ ഉയര്‍ന്ന മുറുമുറുപ്പുകളും യുഡിഎഫിന് തിരിച്ചടിയായി.

പാലക്കാട് മണ്ഡലത്തിനൊപ്പം എന്‍ ഷംസുദ്ദീനിലൂടെ മണ്ണാര്‍ക്കാട് നിലനിര്‍ത്താനായത് മാത്രമാണ് ജില്ലയില്‍ യുഡിഎഫിന് ആശ്വസിക്കാന്‍ വകനല്‍കിയത്. എല്‍ഡിഎഫിലെ സുരേഷ് രാജിനെ 5,000-ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് മണ്ണാര്‍ക്കാട് യുഡിഎഫിന്റെ ജയം. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കുത്തകയായിരുന്നു മണ്ണാര്‍ക്കാട് മണ്ഡലം. എന്നാല്‍ 1980-ന് ശേഷം ലീഗിനേയും സിപിഐയേയും മാറിമാറി പരീക്ഷിക്കുന്ന ചരിത്രമാണ് മലയോര മേഖലയായ മണ്ണാര്‍ക്കാടിനുള്ളത്. കഴിഞ്ഞ രണ്ട് തവണയും ലീഗിനെ തുണച്ച മണ്ഡലത്തില്‍ ഷംസുദ്ദീന്റെ ഹാട്രിക് ജയമാണിത്.

Next Story

RELATED STORIES

Share it