Sub Lead

മുര്‍സിയെ ഇസ്രായേലും അമേരിക്കയും ഭയന്നതിന്റെ കാരണമിതാണ്; പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി പാക് ആണവ ശാസ്ത്രജ്ഞന്‍

പാകിസ്താന്‍ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ ആണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നടന്ന കളികളും അതില്‍ അമേരിക്കയും ഇസ്രായേലും വഹിച്ച പ്രധാന പങ്കും ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

മുര്‍സിയെ ഇസ്രായേലും അമേരിക്കയും ഭയന്നതിന്റെ കാരണമിതാണ്; പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി പാക് ആണവ ശാസ്ത്രജ്ഞന്‍
X

ഇസ്ലാമാബാദ്: 2013ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിനു പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി പാക് ആണവ ശാസ്ത്രജ്ഞന്‍. പാകിസ്താന്‍ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ ആണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നടന്ന കളികളും അതില്‍ അമേരിക്കയും ഇസ്രായേലും വഹിച്ച പ്രധാന പങ്കും ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

മുര്‍സി അധികാരമേറ്റതിന് പിന്നാലെ റഷ്യയും ഇന്ത്യയും പാകിസ്താനും സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ സന്ദര്‍ശനവേളയില്‍ ഈജിപ്തില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള യുറേനിയം സമ്പുഷ്ടീകൃത ആണവ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് റഷ്യയുമായി കരാറിലെത്തിയ കാര്യം പലര്‍ക്കും അറിയില്ലെന്ന് അബ്ദുല്‍ ഖദീര്‍ ഖാന്‍ പറയുന്നു. മൂന്നു വര്‍ഷത്തിനകം ഈജിപ്തില്‍ മറ്റൊരു റിയാക്ടര്‍ കൂടി സ്ഥാപിക്കുന്നതിനും കരാറിലെത്തിയിരുന്നു.

ഈജിപതിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹമില്ല. എന്നാല്‍, അവര്‍ സത്യമറിയേണ്ടതുണ്ട് എന്നതിനാലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ഖദീര്‍ ഖാന്‍ പറയുന്നു. മുര്‍സിയുടെ സന്ദര്‍ശനങ്ങളുടെ ഫലം പടിഞ്ഞാറിനെ ഏറ്റവുമധികം ഭയപ്പെടുത്തിയിരുന്നു. ഈ സന്ദര്‍ശനത്തിലൂടെ ഈജിപ്തിലെ വൈദ്യുതി പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമായിരുന്നു. ആഫ്രിക്കയ്ക്ക് വെളിച്ചം നല്‍കുന്നതിന് വൈദ്യുതി കയറ്റുമതി ചെയ്യാനും ഈജിപ്തിന് സാധിക്കുമായിരുന്നു-ഖാന്‍ പറയുന്നു.

മുര്‍സി പ്രസിഡന്റായിരിക്കുമ്പോള്‍ ജര്‍മനിയില്‍ നിന്ന് രണ്ട് മുങ്ങിക്കപ്പലുകള്‍ ഈജിപ്തിന് ലഭിച്ചുവെന്ന കാര്യം ഈജിപ്തുകാര്‍ അറിയണം. ശരിയായ മിസൈലുകള്‍ ഉണ്ടെങ്കില്‍ വ്യോമവാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മുങ്ങിക്കപ്പലുകള്‍ ഈജിപ്തിന് നല്‍കുന്നത് തടയാന്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രായേല്‍ പ്രസിഡന്റ് ബെന്‍ജമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ഈജിപ്ത് സൈനിക ഉപഗ്രഹം സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യം പല ഈജിപ്തുകാരും മനസ്സിലാക്കിയിട്ടില്ല. ഇസ്രായേലിനെ വിശദമായി നിരീക്ഷിക്കുന്നതിന് ഇത്തരമൊരു ഉപഗ്രഹം സഹായിക്കും. ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായി മുര്‍സി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു. 2013ലെ അട്ടിമറി നടന്നിരുന്നില്ലെങ്കില്‍ ഈജിപ്ത് ഇപ്പോള്‍ അത് സ്വന്തമാക്കിയിട്ടുണ്ടാവുമായിരുന്നു.

ഈജിപ്തിന് മിസൈലുകള്‍ ആവശ്യമാണെന്ന കാര്യം മുര്‍സി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിടുന്നതിന് റഷ്യ സമ്മതിച്ചിരുന്നുവെന്നുമുള്ള കാര്യം പലര്‍ക്കുമറിയില്ലെന്ന് ഖാന്‍ ചൂണ്ടിക്കാട്ടി. കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മേജര്‍ ജനറല്‍ അല്‍ തരാസിനെ മുര്‍സി റഷ്യയിലേക്ക് അയച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദ്ദം കാരണമാണ് അത് നടക്കാതെ പോയതെന്നും ഖാന്‍ വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it