Sub Lead

കെ സുധാകരന്റെ തുടര്‍ച്ചയായ നാക്കുപിഴകള്‍ ഹൈക്കമാന്‍ഡ് ഗൗരവമായി കാണണമെന്ന് പി കെ ബഷീര്‍ എംഎല്‍എ

കെ സുധാകരന്റെ തുടര്‍ച്ചയായ നാക്കുപിഴകള്‍    ഹൈക്കമാന്‍ഡ് ഗൗരവമായി കാണണമെന്ന്    പി കെ ബഷീര്‍ എംഎല്‍എ
X


മലപ്പുറം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് തുടര്‍ച്ചയായി സംഭവിക്കുന്ന നാക്കു പിഴകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗൗരവമായി കാണണമെന്ന് മുസ്ലിം ലീഗ് നിയമസഭ ചീഫ് വിപ്പും, എം എല്‍ എയുമായ പി കെ ബഷീര്‍. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആര്‍ എസ് എസ് അനുകൂല പ്രസ്താവനകള്‍ കേവലം നാക്കു പിഴയായി മാത്രം യു ഡി എഫ് അണികള്‍ക്ക് കാണാനാകില്ല. യു ഡി എഫ് മൂല്യത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ സഖ്യ കക്ഷികളേയും, അവരെ പിന്തുണയ്ക്കുന്ന ലക്ഷകണക്കിന് മതേതര വിശ്വാസികളേയും വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.കെ ബഷീറിന്റെ വിമർശനം.

മതേതര മൂല്യത്തില്‍ അധിഷ്ഠിതമായിരുന്നു എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകള്‍. ഹൈക്കമാന്‍ഡ് മുതല്‍ താഴെ തട്ടിലുള്ള നേതാക്കളും, പ്രവര്‍ത്തകരും വരെ ജാതി-മതഭേദമന്യേ ആളുകളെ സ്‌നേഹിക്കാനും, സേവിക്കാനും മുന്നിട്ട് നില്‍ക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിര്‍ത്തുന്ന ബി ജെ പി-ആര്‍ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തില്‍ സ്വീകാര്യത നല്‍കുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നത്. അതിന് അദ്ദേഹം മഹാനായ നെഹ്‌റുവിന്റെ മതേതര നിലപാടുകളെ വരെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തുന്നുവെന്നത് ഖേദകരമാണെന്ന് പി കെ ബഷീര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ വ്യത്യചലനമാണിത്. യു ഡി എഫ് സഖ്യത്തിന് പിന്നില്‍ അണിനിരക്കുന്ന ലക്ഷകണക്കിന് വരുന്ന കേരള ജനതയെ വഞ്ചിക്കുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മതേതര നിലപാടില്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അടക്കമുള്ള യു ഡി എഫ് സഖ്യകക്ഷികളേയും അദ്ദേഹത്തിന്റെ നിലപാട് ആശയ കുഴപ്പത്തിലാക്കുന്നു. ഈ പാര്‍ട്ടികളുടെ മതേതര നിലപാട് പോലും പൊതുജന മധ്യത്തില്‍ ചോദ്യം ചെയ്യപ്പെടും വിധം പ്രസ്താവനകളും, നിലപാടുകളുമാണ് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ചു വരുന്നതെന്നത് വേദനാജനകമാണ്. മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ഇത് ലീഗ് നേതൃത്വം ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പി.കെ. ബഷീര്‍ പറഞ്ഞു.

ഒരു പ്രാവശ്യം നാക്ക് പിഴ സംഭവിക്കുന്നത് സ്വാഭാവികമായും മനസിലാക്കാം. പക്ഷേ തുടര്‍ച്ചയായി ഇദ്ദേഹത്തിന് എങ്ങനെ ഈ വിഷയത്തില്‍ നാക്ക് പിഴ വരുന്നുവെന്ന മതേതര വാദികളുടെ ആശങ്ക ഹൈക്കമാന്‍ഡ് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിഷയം കോണ്‍ഗ്രസ് നേതൃത്വം വളരെ ഗൗരവമായി കാണണം. കേരളത്തിന്റെ മതേതര നിലപാടിന് വിള്ളല്‍ വീഴ്ത്തുന്ന ഇത്തരം പ്രസ്താവനകള്‍ ഉന്നത സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരില്‍ നിന്നും ഉണ്ടാകരുത്. വിമര്‍ശനങ്ങളെ എന്നും ജനാധിപത്യ ബോധത്തോടെ സ്വീകരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഈ കാര്യങ്ങളും ഗൗരവമായും, വിഷയപരമായും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it