Sub Lead

ഭാരത് ബന്ദ്, സിഎഎ: 200ലേറെ സ്ത്രീകള്‍ ഡല്‍ഹിയിലെ ജാഫറാബാദ് റോഡ് ഉപരോധിച്ചു

രാത്രി ജയ് ഭീം എന്ന മുദ്രാവാക്യം വിളികളുമായി സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷനിലെത്തുകയും കുത്തിയിരിപ്പ് സമരം തുടങ്ങുകയുമായിരുന്നു

ഭാരത് ബന്ദ്, സിഎഎ: 200ലേറെ സ്ത്രീകള്‍ ഡല്‍ഹിയിലെ ജാഫറാബാദ് റോഡ് ഉപരോധിച്ചു
X
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ടകളില്‍ സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലെ പ്രധാന റോഡ് സ്ത്രീകള്‍ ഉപരോധിച്ചു. കഴിഞ്ഞദിവസം രാത്രി മുതലാണ് 200ലേറെ സ്ത്രീകള്‍ സുപ്രിംകോടതി ഉത്തരവിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരേ പ്രതിഷേധിച്ച് ശാഹീന്‍ ബാഗ് മാതൃകയില്‍ സമരരംഗത്തിറങ്ങിയത്. രാത്രി ജയ് ഭീം എന്ന മുദ്രാവാക്യം വിളികളുമായി സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷനിലെത്തുകയും കുത്തിയിരിപ്പ് സമരം തുടങ്ങുകയുമായിരുന്നു.

കനത്ത പോലിസ് സാന്നിധ്യത്തിനിടയിലും ആസാദി എന്ന മുദ്രാവാക്യം വിളിക്കുച്ച് ദേശീയ പതാകയേന്തിയാണ് തെരുവിലിറങ്ങിയത്. സിഎഎ, എന്‍ആര്‍സിയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മെട്രോ സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

അതേസമയം, റോഡ് തുറക്കാന്‍ പോലിസുകാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വേദ് പ്രകാശ് സൂര്യ പറഞ്ഞു. 'ഞങ്ങള്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനാല്‍ അവര്‍ തിരിച്ചുപോവും. ഇതുപോലെ ഒരു പ്രധാന റോഡ് തടയാന്‍ അവര്‍ക്ക് കഴിയില്ല. അര്‍ധസൈനിക സുരക്ഷാ ഉദ്യോഗസ്ഥരെയും വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ശാഹീന്‍ ബാഗിന് ശേഷം രാജ്യത്തുടനീളം സമാനമായ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ നയിക്കുന്ന രണ്ടാമത്തെ പ്രധാന സിഎഎ വിരുദ്ധ കുത്തിയിരിപ്പ് സമരമാണിത്. ശാഹീന്‍ ബാഗ് പ്രതിഷേധത്തെത്തുടര്‍ന്ന് തലസ്ഥാനത്തെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് 70 ദിവസത്തിന് ശേഷം ഇന്നലെയാണ് വീണ്ടും തുറന്നത്.




Next Story

RELATED STORIES

Share it