Sub Lead

ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ഫോണ്‍ സ്‌ക്രീനില്‍ നോക്കിയാലും ഹ്രസ്വദൃഷ്ടി സാധ്യത 21 ശതമാനം വര്‍ധിക്കുമെന്ന് പഠനം

ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ഫോണ്‍ സ്‌ക്രീനില്‍ നോക്കിയാലും ഹ്രസ്വദൃഷ്ടി സാധ്യത 21 ശതമാനം വര്‍ധിക്കുമെന്ന് പഠനം
X

സിയോള്‍ (ദക്ഷിണ കൊറിയ): മൊബൈല്‍ ഫോണിന്റെയും ടാബ്‌ലറ്റിന്റെയും സ്‌ക്രീനില്‍ ദിവസം ഒരു മണിക്കൂര്‍ നോക്കുന്നത് ഹ്രസ്വദൃഷ്ടി സാധ്യത വര്‍ധിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മൂന്നരലക്ഷത്തോളം കുട്ടികളിലും ചെറുപ്പക്കാരിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഒരു മണിക്കൂര്‍ സ്‌ക്രീന്‍ ഉപയോഗം ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയക്കുള്ള സാധ്യത 21 ശതമാനം വര്‍ധിക്കുമെന്നാണ് ജമ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഒരു മണിക്കൂറില്‍ താഴെ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വലിയ കാഴ്ച്ചാ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. എന്നാല്‍, ഒന്നു മുതല്‍ നാലു മണിക്കൂര്‍ വരെ ഉപയോഗിക്കുന്നവരില്‍ മയോപ്പിയക്കുള്ള സാധ്യത കൂടി വരും.

മയോപ്പിയ സാധ്യതയെക്കുറിച്ച് ക്ലിനിക്കുകള്‍ക്കും ഗവേഷകര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു. ഡിജിറ്റല്‍ സ്‌ക്രീനുകളുടെ വര്‍ധിച്ചുവരുന്ന ഉപയോഗം മൂലം ഹ്രസ്വദൃഷ്ടി കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും ഏകദേശം 40% പേര്‍ക്ക് മയോപ്പിയ ഉണ്ടാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. മയോപ്പിയ ഉണ്ടാവുന്നതില്‍ ഒരു വ്യക്തിയുടെ ജനിതകഘടനക്കും പങ്കുണ്ട്. എന്നാല്‍, സ്‌ക്രീന്‍ ഉപയോഗം ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കും.

അമിതമായ സ്‌ക്രീന്‍ ഉപയോഗം തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാവാന്‍ ഇത് കാരണമാവും. കൂടാതെ എവിടെയെങ്കിലും ഇരുന്നോ കിടന്നോ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശരീരത്തിന്റെ വണ്ണം കൂടാമെന്നും നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it