Sub Lead

കുത്തിവയ്പ്പ് എടുക്കാത്ത ഒരു കുട്ടി കൂടി ഡിഫ്തീരയ ലക്ഷണങ്ങളോടെ മരിച്ചു; മലപ്പുറം ജില്ലയില്‍ പ്രതിരോധം പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു

ജൂണ്‍ ഒമ്പതാം തിയ്യതി രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി, ബിസിജി കുത്തിവയ്പ്പ് മാത്രമാണ് എടുത്തിരുന്നത്.

കുത്തിവയ്പ്പ് എടുക്കാത്ത ഒരു കുട്ടി കൂടി ഡിഫ്തീരയ ലക്ഷണങ്ങളോടെ മരിച്ചു; മലപ്പുറം ജില്ലയില്‍ പ്രതിരോധം പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു
X

എടപ്പാള്‍: മലപ്പുറത്ത് ഡിഫ്തീരിയ സംശയത്തില്‍ ഒരു മരണം കൂടി. എടപ്പാള്‍ സ്വദേശിനിയായ ആറ് വയസ്സുകാരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. മരിച്ച പെണ്‍കുട്ടി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് വ്യക്തമായതോടെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ജൂണ്‍ ഒമ്പതാം തിയ്യതി രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി, ബിസിജി കുത്തിവയ്പ്പ് മാത്രമാണ് എടുത്തിരുന്നത്. ജനനസമയം മുതല്‍ അഞ്ചുവയസ്സുവരെ പല ഘട്ടങ്ങളായി നല്‍കേണ്ട ഡിപിടി കുത്തിവയ്പ്പാണ് ഡിഫ്തീരിയയെ പ്രതിരോധിക്കുന്നത്. എന്നാല്‍, ജില്ലയുടെ പല ഭാഗങ്ങളിലും പ്രതിരോധ കുത്തിവയ്പ്പിനെതിരെ വാക്‌സിന്‍ വിരുദ്ധരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഡിഫ്തീരിയ സംശയത്തില്‍ ഒരു മരണം കൂടി സംഭവിച്ചതോടെ, ഡിഎംഒയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.

അതേ സമയം, എടപ്പാള്‍ പഞ്ചായത്തിലെ അംഗമാണെങ്കിലും കുട്ടിയുടെ കുടുംബം പല സ്ഥലങ്ങളില്‍ മാറി മാറിയാണ് താമസിച്ചിരുന്നത്. വീടുകള്‍ ഇടയ്ക്കിടെ മാറുന്നതിനാലാകാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തി കുത്തിവയ്പ്പ് എടുപ്പിക്കാനാകാതെ പോയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ പക്ഷം. എന്നാല്‍, രോഗബാധയുണ്ടായിരിക്കുന്നത് പൊന്നാനി മുനിസിപ്പാലിറ്റി പരിധിയില്‍ വച്ചാണെന്നും, എടപ്പാളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ താരതമ്യേന കുറവാണെന്നുമാണ് എടപ്പാള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക ഗീത രമണി നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ ഫെബ്രുവരിയിലും മലപ്പുറത്തെ മഞ്ചേരിയിലും കുഴിമണ്ണയിലുമുള്ള രണ്ടു കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഇരുവരും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു വിഭാഗം ഇപ്പോഴും വിട്ടുനില്‍ക്കുന്നുണ്ട്. 2016ല്‍ ജില്ലയില്‍ 41 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ നിന്നും 2018ല്‍ 8 കേസുകളായി ചുരുങ്ങിയിരുന്നു.

Next Story

RELATED STORIES

Share it